ലഖ്നൗ: ബാങ്ക് ജീവനക്കാരിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സമാജ്വാദി പാർട്ടി ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി രാജൻ റിസ്വിയെ മഥുര കോട്വാലി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തുവരികയും കേസെടുക്കുകയും ചെയ്തതോടെ രാജൻ റിസ്വിയെ പാർട്ടി ചുമതലകളിൽ നിന്ന് എസ്പി നേതൃത്വം നീക്കം ചെയ്തിരുന്നു.
പരാതിക്കാരിയായ യുവതി ജോലി ചെയ്യുന്ന ബാങ്കിൽ രാജൻ റിസ്വിക്ക് അക്കൗണ്ടുണ്ടായിരുന്നു. ഇടപാടുകൾക്കായി ബാങ്കിലെത്തിയ സമയത്ത് ജീവനക്കാരിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ ഇയാൾ സന്ദേശങ്ങൾ അയച്ചു തുടങ്ങുകയായിരുന്നു. യുവതി അതീവ സുന്ദരിയാണെന്നും ഈ ബാങ്ക് ജോലി അവർക്ക് അനുയോജ്യമല്ലെന്നുമായിരുന്നു ഇയാളുടെ വാദം. അടുത്ത തവണ എസ്പി അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി വഴി ഇടപെട്ട് പ്രത്യേക ക്വാട്ടയിൽ ഐഎഎസ് ഓഫീസറായി നിയമനം വാങ്ങിനൽകാമെന്ന വാഗ്ദാനവും ഇയാൾ വാട്സാപ്പിലൂടെ മുന്നോട്ടുവെച്ചു.
എന്നാൽ റിസ്വിയുടെ അനാവശ്യ സന്ദേശങ്ങൾ സഹിക്കാനാകാതെ വന്നതോടെ ജീവനക്കാരി ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതിൽ പ്രകോപിതനായ റിസ്വി, യുവതിയുടെ ഫോൺ വിവരങ്ങൾ ചോർത്തുമെന്നും ചാരപ്പണി നടത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി. കൂടാതെ യുവതിയെക്കുറിച്ച് മറ്റ് പലരോടും അന്വേഷിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
തനിക്ക് ലഭിച്ച അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും ഫോൺ വിവരങ്ങളും തെളിവായി യുവതി പൊലീസിന് കൈമാറിയിരുന്നു. പരാതി ലഭിച്ച് കേസെടുത്ത് പത്ത് ദിവസത്തിനകമാണ് പ്രതിയായ രാജൻ റിസ്വിയെ പൊലീസ് അറസ്റ്റ് ചെയ്തത്.




