കൊല്ലം ∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തിൽ മകളും ചെറുമകളും ചേർന്ന് തിളച്ച വെള്ളം ഒഴിച്ചതായി പരാതി. കൊല്ലം ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. രാധാമണിയെ മകൾ അശ്വതിയും (37) ചെറുമകൾ അമൃതയും (18) ചേർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വീടും വസ്തുവും സ്വന്തം പേരിലേക്ക് എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് അമ്മയെ മകൾ ഉപദ്രവിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ സംഭവം നടന്നത്. അശ്വതി വീട്ടിൽനിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് ഇരുവരും ചേർന്ന് തലയിലൂടെ തിളച്ച വെള്ളം ഒഴിച്ചതെന്ന് രാധാമണി പൊലീസിന് മൊഴി നൽകി.
ചൂടുവെള്ളം ഒഴിച്ചതിന് പുറമേ കൈകൊണ്ടും കമ്പിവടികൊണ്ടും അശ്വതി തന്നെ മർദിച്ചതായും രാധാമണി പറഞ്ഞു. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻപ് ഹണിട്രാപ്പ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ആയൂർ ഒഴുകുപാറയ്ക്കൽ സ്വദേശി അശ്വതി അച്ചുവാണ് ഈ കേസിലെ പ്രധാന പ്രതി.




