മുംബൈ: മകൾക്കായി ഒരു പിതാവ് നടത്തുന്ന പോരാട്ടത്തിന്റെ കഥ ഒട്ടേറെ പേരുടെ ഹൃദയം തൊടുകയാണ്. പൂനെയിലെ വാഘോലി സ്വദേശിയായ സന്ദീപ് യാദവ്, തന്റെ 14 മാസം പ്രായമുള്ള മകൾ ഗാർഗിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ രണ്ടു മാസമായി ക്രൗഡ് ഫണ്ടിംഗിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും ധനസമാഹരണം നടത്തിവരികയാണ്. ചികിത്സയ്ക്കായി പ്രതീക്ഷിക്കുന്ന 10 കോടി രൂപയിൽ ഏകദേശം 7.25 കോടി രൂപ ഇതുവരെ സമാഹരിക്കാൻ സാധിച്ചു.
സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന ഗുരുതരമായ ജനിതക രോഗത്തോട് പോരാടുകയാണ് കൊച്ചു ഗാർഗി. മുംബൈ മഹിമിലെ പി.ഡി. ഹിന്ദുജ ആശുപത്രിയിലെ ഡോക്ടർമാർ ഗാർഗിക്ക് ‘സോൾജെൻസ്മ’ എന്ന ജീൻ തെറാപ്പിയാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ഏകദേശം 10 കോടി രൂപ ചെലവ് വരും.
കഴിഞ്ഞ ഗണേശോത്സവ വേളയിൽ മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജയിലെ ഭക്തരും ഈ കുടുംബത്തിന് സഹായഹസ്തവുമായെത്തി. ക്യൂവിലും നിമജ്ജന ഘോഷയാത്രയ്ക്കിടയിലും ബാനറുകളും സംഭാവന പെട്ടികളുമായി ആളുകൾ ധനസമാഹരണത്തിനായി നിലയുറപ്പിച്ചു. ഗണേശ ചതുർത്ഥി മുതൽ നിമജ്ജന ദിവസം വരെയായി ഏകദേശം 12 മുതൽ 13 ലക്ഷം രൂപ വരെ ഭക്തരിൽ നിന്ന് ലഭിച്ചതായി ഗാർഗിയുടെ പിതാവ് പറഞ്ഞു.
“മകളെ എസ്.എം.എ രോഗത്തിൽ നിന്ന് രക്ഷിക്കാനായി ഉറച്ച നിശ്ചയദാർഢ്യത്തോടെയാണ് ഞാൻ പോരാടുന്നത്. ഒട്ടേറെ പേർ ഞങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഗണേശോത്സവ സമയത്ത് പൂനെയിലെ പ്രശസ്തമായ ദഗ്ഡുഷെത്ത് ഹൽവായ് ഗണപതി ക്ഷേത്രത്തിന് മുന്നിൽ 12 ദിവസത്തോളം ഞാൻ നേരിട്ട് നിന്നിരുന്നു. അവിടെനിന്ന് പ്രതിദിനം 1-1.25 ലക്ഷം രൂപയോളം ലഭിച്ചു,” സന്ദീപ് യാദവ് പറഞ്ഞു.
തങ്ങളെ പിന്തുണയ്ക്കുന്ന സന്നദ്ധപ്രവർത്തകർ സ്വന്തം ജോലികൾ മാറ്റിവെച്ചാണ് ലാൽബാഗ്ച രാജയിലെ ക്യൂവിലും നിമജ്ജന ദിവസത്തിലും 11 ദിവസത്തോളം നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റീൽ പെട്ടികളും ബാനറുകളുമായി നിന്ന അവർ അവിടെനിന്ന് 12-13 ലക്ഷം രൂപയോളം സമാഹരിച്ചു. കൂടാതെ അനംത് അംബാനി തങ്ങളെ സഹായിക്കുന്ന വ്യക്തികളിലൊരാളെ ബന്ധപ്പെടുകയും ഫോൺ നമ്പർ വാങ്ങി സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തതായി യാദവ് പറഞ്ഞു.
ഗണേശോത്സവത്തിന് മുൻപ് ലാൽബാഗ്ച രാജ സർവജനിക ഗണേശോത്സവ മണ്ഡലിനെയും യാദവ് സമീപിച്ചിരുന്നു. എന്നാൽ കുട്ടി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ മാത്രമേ സാമ്പത്തിക സഹായം പരിഗണിക്കാൻ സാധിക്കൂ എന്നാണ് സംഘാടകർ അറിയിച്ചത്. റിലയൻസ്, അദാനി ഫൗണ്ടേഷൻ എന്നിവർക്കും അദ്ദേഹം ഇമെയിൽ വഴി സഹായഭ്യർത്ഥന അയച്ചിട്ടുണ്ട്, ഇവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ് കുടുംബം.




