ഗുവാഹട്ടി സർവകലാശാലയിലെ 22 കാരിയായ സോഷ്യോളജി വിദ്യാർഥിനി നിമിഷ ഥാക്കുരിയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ധാരാപുർ സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം ഗരാൽ-ധാരാപൂർ പ്രദേശത്തെ ഒരു ഹോംസ്റ്റേയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്തായ ആഷിക് അലി, ഹോംസ്റ്റേ ഉടമ ജയന്ത ചാക്കി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
“രുദ്രാസ് കിച്ചൺ” എന്ന ഹോംസ്റ്റേയിലാണ് നിമിഷ ആൺസുഹൃത്തിനൊപ്പം എത്തിയത്. പുലർച്ചെ രണ്ട് മണിയോടെ ഭയന്നുവിറച്ച നിലയിൽ നിമിഷ അമ്മയെ ഫോണിൽ വിളിച്ചിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. പുലർച്ചെ ഏകദേശം 2 മണിക്ക് പെൺകുട്ടി തന്റെ അമ്മയെ ഫോണിൽ വിളിച്ച് ഭയന്നുവിറച്ച് സംസാരിച്ചിരുന്നു. കാമുകൻ തന്നെ ക്രൂരമായി മർദ്ദിക്കുകയാണെന്നും ശ്വാസം മുട്ടുകയാണെന്നും നിമിഷ പറഞ്ഞു. “അവർ എന്നെ കൊല്ലും” എന്ന് പറഞ്ഞതിന് പിന്നാലെ ഫോൺ കട്ടായി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്ന്ന് ഹോംസ്റ്റേയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നിമിഷയെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിമിഷ മേൽക്കൂരയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ള ആഷിക് അലി പൊലീസിനോട് അവകാശപ്പെട്ടത്. എന്നാൽ പെൺകുട്ടിയുടെ മുഖത്തും തലയിലും പരിക്കേറ്റ പാടുകൾ കണ്ടെത്തിയതിനാൽ പോലീസ് ആത്മഹത്യാ സാധ്യത തള്ളിക്കളഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് വെസ്റ്റ് ഗുവാഹത്തി ഡിസിപി ബോലിൻ ഡിയോറി അറിയിച്ചു.




