കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ ശനിയാഴ്ച രാവിലെ കുത്തേറ്റ എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും മുൻ അധ്യാപികയുമായ കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ചതോറും സ്റ്റേഷനിൽ എത്തി ഒപ്പിട്ടു മടങ്ങവെയാണ് ലിവിങ് ടുഗദർ പങ്കാളിയായ താനിയോട്ടുമ്മൽ ജിനീഷ് (38) ഇവരെ കറിക്കത്തി കൊണ്ട് പലതവണ കുത്തി പരുക്കേൽപ്പിച്ചത്. കഴുത്തിലടക്കം അഞ്ചോളം കുത്തേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിനു തൊട്ടുപിന്നാലെ ഓടിയെത്തിയ പൊലീസുകാർ ജിനീഷിനെ സ്റ്റേഷൻ വളപ്പിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ കീർത്തന ചത്തോ എന്ന് ഇയാൾ പൊലീസിനോട് ആവർത്തിച്ചു ചോദിച്ചതായാണ് വിവരം. സ്റ്റേഷനിലെ ഒപ്പിടൽ കഴിഞ്ഞ് പ്രധാന റോഡിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ജിനീഷ് പിന്നാലെയെത്തി ആക്രമണം നടത്തിയത്. ബലപ്രയോഗത്തിനിടെ അക്രമത്തിന് ഉപയോഗിച്ച കത്തി ഒടിഞ്ഞുപോയിരുന്നു. വനിതാ സെല്ലിൽ പരാതി നൽകാനെത്തിയവരുൾപ്പെടെ നിരവധി പേർ സംഭവത്തിന് സാക്ഷികളായി.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന കീർത്തനയും ബസ് ഡ്രൈവറായ ജിനീഷും രണ്ടു വർഷത്തോളമായി ഒരുമിച്ചായിരുന്നു താമസം. എന്നാൽ എംഡിഎംഎ കേസിൽ കീർത്തന പിടിയിലായതോടെ ജിനീഷ് ഇവരെ കാണാൻ ജയിലിൽ പോയിരുന്നില്ല. ഈ മാസം ആദ്യം ജാമ്യത്തിലിറങ്ങിയ കീർത്തനയുമായി സ്വർണാഭരണത്തെച്ചൊല്ലി ജിനീഷ് തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
കീർത്തനയ്ക്ക് പ്രദേശത്ത് സഹായത്തിനായി ഒരു ഗ്യാങ് ഉണ്ടെന്നും ഇവർ ജനീഷിനെ നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇതിൽ പ്രകോപിതനായാണ് ജിനീഷ് കീർത്തനയെ വകവരുത്താൻ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ടെങ്കിലും, എംഡിഎംഎ കേസിലെ അന്വേഷണം തങ്ങളിലേക്ക് നീളാതിരിക്കാൻ മറ്റാരെങ്കിലും നൽകിയ പ്രേരണയുടെ പുറത്താണോ ഈ കൊലപാതകശ്രമം നടന്നതെന്നും പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.




