25 വർഷത്തോളം പൂനെ സ്വദേശിയായ റാപ്പ് ഗായകനും ഹിപ്-ഹോപ്പ് കലാകാരനുമായ ഹരീഷ് താക്കൂർ തന്റെ മാതാപിതാക്കൾക്കും നാല് സഹോദരങ്ങൾക്കുമൊപ്പം ജീവിച്ചത് 10×10 വലുപ്പമുള്ള ഒരൊറ്റ ചെറിയ മുറിയിലായിരുന്നു. ദശാബ്ദങ്ങൾക്ക് ശേഷം, ചെറുപ്പത്തിൽ നൽകിയ ഒരു വാക്ക് പാലിച്ചുകൊണ്ട് തന്റെ മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് വാങ്ങി നൽകിയിരിക്കുകയാണ് അദ്ദേഹം.
ഈ പുതിയ വീടിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് താക്കൂർ, ഈ നേട്ടം തന്റെ ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ നിമിഷമാണെന്ന് കുറിച്ചു. “ഞാൻ എന്റെ മാതാപിതാക്കൾക്ക് അവരുടെ ആദ്യത്തെ വീട് വാങ്ങി നൽകി,” വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ച വരികളാണിത്.
ഒരു സാധാരണ താഴ്ന്ന ഇടത്തരം കുടുംബത്തിൽ വളർന്ന അനുഭവങ്ങൾ താക്കൂർ ഓർത്തെടുത്തു. മാതാപിതാക്കളും അഞ്ച് മക്കളുമടങ്ങുന്ന കുടുംബം ആ ചെറിയ മുറിയിലാണ് കഴിഞ്ഞിരുന്നത്. കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ അച്ഛൻ അഹോരാത്രം പണിടുത്തെങ്കിലും സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് അവരുടെ സാമ്പത്തിക ശേഷിക്ക് അപ്പുറമായിരുന്നു.
ചെറുപ്പത്തിൽ തന്നെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. “അതുകൊണ്ട് കുട്ടിക്കാലത്ത് ഞാൻ എന്നോട് തന്നെ ഒരു വാക്ക് നൽകി… ഒരു ദിവസം ഞാൻ എന്റെ മാതാപിതാക്കൾക്ക് അവരുടെ സ്വപ്ന ഭവനം വാങ്ങി നൽകും,” അദ്ദേഹം കുറിച്ചു. വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം ആ ബാല്യകാല പ്രതിജ്ഞ യാഥാർത്ഥ്യമാക്കാൻ താക്കൂറിന് സാധിച്ചു. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ അദ്ദേഹം കുടുംബത്തിനായി ഒരു പുതിയ വീട് സ്വന്തമാക്കി.
വീടിന് മുന്നിലെ നെയിംപ്ലേറ്റ് കാണുന്നതാണ് താക്കൂറിന് ഏറ്റവും വലിയ സന്തോഷം നൽകുന്നത്. “വീട്ടിലേക്ക് വരുമ്പോഴെല്ലാം നെയിംപ്ലേറ്റിൽ എന്റെ മാതാപിതാക്കളുടെ പേര് കാണുന്നത് ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു,” അദ്ദേഹം എഴുതി.
സമാന സാഹചര്യങ്ങളിൽ വളർന്നുവരുന്ന മറ്റുള്ളവർക്കായി തന്റെ നേട്ടം പങ്കുവെച്ചുകൊണ്ട്, “എല്ലാ ‘ഗല്ലി ബോയ്’മാർക്കും അവരുടെ ജീവിതത്തിൽ ഈ ഒരു ദിവസം കാണാൻ സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു,” എന്ന് താക്കൂർ കൂട്ടിച്ചേർത്തു.
ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി ആളുകളാണ് റാപ്പർക്ക് അഭിനന്ദനങ്ങളുമായും പ്രശംസകളുമായും കമന്റ് ബോക്സിൽ എത്തിയത്.
“നിങ്ങളുടെ മാതാപിതാക്കൾക്ക് ഇത് വളരെ അഭിമാനം തോന്നുന്ന നിമിഷമാണ്,” എന്ന് ഒരാൾ കുറിച്ചപ്പോൾ, “നിങ്ങളോട് വലിയ ബഹുമാനം തോന്നുന്നു സഹോദരാ, നിങ്ങൾക്കും കുടുംബത്തിനും ഒട്ടേറെ ആശംസകൾ. ഇനിയും കഠിനാധ്വാനം ചെയ്യുക, വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും,” എന്ന് മറ്റൊരു വ്യക്തി കമന്റ് ചെയ്തു.
“നിങ്ങളെക്കുറിച്ച് വലിയ അഭിമാനം തോന്നുന്നു. നമ്മൾ നേരിട്ട് അറിയാത്ത ഒരാളാണെങ്കിൽ പോലും ചില നേട്ടങ്ങൾ കാണുമ്പോൾ സ്വന്തം നേട്ടം പോലെ സന്തോഷം തോന്നാറുണ്ട്,” എന്ന് വേറൊരാൾ കുറിച്ചു.
സ്വന്തമായി ഒരു വീടില്ലാതെ വളർന്ന ഒരാൾക്ക് ഇതിന്റെ മൂല്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: “സ്വന്തമായി ഒരു വീടില്ലാത്ത കുടുംബത്തിലാണ് നിങ്ങൾ വളർന്നതെങ്കിൽ, ഈ നിമിഷം എത്രത്തോളം ഹൃദയസ്പർശിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഇത് നിങ്ങൾ അവർക്ക് നൽകുന്ന ഒരു വീട് മാത്രമല്ല, സുരക്ഷിതത്വവും ജീവിതകാലം മുഴുവനുള്ള സ്വപ്നങ്ങളുടെ സാക്ഷാത്കാരവുമാണ്.”
“നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനമാണിത്. നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു!” എന്ന് വേറൊരു വ്യക്തിയും ആശംസകൾ അറിയിച്ചു.




