Health

പുകവലിക്കാറില്ലേ? എങ്കിലും ഈ 7 ശീലങ്ങൾ നിങ്ങളുടെ ശ്വാസകോശത്തെ തകർത്തേക്കാം!

ശരീരത്തിലെ ശ്വാസകോശാരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിിലേക്ക് ഓടിയെത്തുന്നത് പുകവലിയാണ്. പുകവലി ഒഴിവാക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള ഒരു പ്രധാന മാർഗ്ഗമാണെങ്കിലും, അതുമാത്രം കൊണ്ട് പൂർണ്ണ സുരക്ഷിതത്വം ലഭിക്കണമെന്നില്ല. ദിവസേന നമ്മുടെ ശ്വാസകോശം വിവിധ പരിസ്ഥിതി ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുന്നുണ്ട്. മോശം വായു ഗുണനിലവാരം നിരന്തരം അനുഭവപ്പെടുന്നത് ശ്വാസകോശാരോഗ്യത്തെ കാര്യമായി ബാധിക്കും. നമ്മുടെ ചില ദൈനംദിന ശീലങ്ങളും ജീവിതരീതികളും ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

അന്തരീക്ഷ മലിനീകരണം നേരിടുന്നത് ശ്വാസകോശത്തിന് വലിയൊരു ഭീഷണിയാണ്. വാഹനങ്ങളിൽ നിന്നുള്ള പുക, പൊടിപടലങ്ങൾ, വ്യവസായശാലകളിൽ നിന്നുള്ള വിഷവാതകങ്ങൾ എന്നിവ ശ്വാസനാളത്തിൽ അസ്വസ്ഥതയുണ്ടാക്കുകയും ചുമ, ശ്വാസമെടുക്കുമ്പോഴുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നതും മലിനീകരണ സാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഒഴിവാക്കാൻ മോശം കാലാവസ്ഥയുള്ളപ്പോൾ മുൻകരുതലുകൾ എടുക്കുകയും ആവശ്യമുള്ളപ്പോൾ മാസ്ക് അടക്കമുള്ള സംരക്ഷണ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും വേണം.

വീടിനുള്ളിലെ വായുമലിനീകരണവും സമാനമായി വലിയൊരു ആരോഗ്യപ്രശ്നമാണ്. പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുക, വിറക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക, സാമ്പ്രാണി തിരികൾ, കൊതുക് തിരികൾ എന്നിവയിൽ നിന്നുള്ള പുകയും വായുസഞ്ചാരമില്ലാത്ത മുറികളും ശ്വസനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇത് പരിഹരിക്കാൻ അടുക്കളയിൽ എക്സോസ്റ്റ് ഫാനുകൾ ഉപയോഗിക്കുകയും വീടിനുള്ളിൽ നല്ല രീതിയിൽ വായുസഞ്ചാരം ഉറപ്പാക്കുകയും പുക ഉണ്ടാകുന്ന സാഹചര്യങ്ങൾ കുറയ്ക്കുകയും വേണം.

ജോലിസ്ഥലങ്ങളിലെ അപകടസാധ്യതകൾ നിസ്സാരമായി കാണരുത്. നിർമ്മാണ മേഖല, ഫാക്ടറികൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ദിവസേന പൊടി, രാസവസ്തുക്കളുടെ പുക, ചെറു കണികകൾ എന്നിവയുമായി സമ്പർക്കത്തിൽ വരാറുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകും. ഇത്തരം തൊഴിൽ മേഖലകളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.

പരോക്ഷമായ പുകവലിയുടെ (സെക്കൻഡ് ഹാൻഡ് സ്മോക്കിംഗ്) പ്രത്യാഘാതങ്ങളും നിസ്സാരമല്ല. നിങ്ങൾ പുകവലിക്കാത്ത ആളാണെങ്കിലും പുകവലിക്കുന്നവരുടെ അടുത്ത് നിൽക്കുന്നത് വഴി ഹാനികരമായ വിഷാംശങ്ങൾ ശ്വസിക്കാൻ ഇടയാകും. വീടുകളും വാഹനങ്ങളും പൊതുയിടങ്ങളും പുകവലിമുക്തമായി സൂക്ഷിക്കുന്നത് കുട്ടികളുടെയും മുതിർന്നരുടെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

നമ്മൾ ദിവസേന ഉപയോഗിക്കുന്ന ചില ഉൽപ്പന്നങ്ങളും ശ്വാസകോശത്തിന് ഹാനികരമായേക്കാം. പെയിന്റുകൾ, ലായകങ്ങൾ, വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവയിൽ നിന്ന് പുറത്തുവരുന്ന പുക വായുസഞ്ചാരമില്ലാത്ത മുറികളിൽ വച്ച് ശ്വസിക്കുന്നത് അസ്വസ്ഥതകൾക്ക് കാരണമാകും. ഇവ ഉപയോഗിക്കുമ്പോൾ മുറികളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുകയും ഉപയോഗക്രമങ്ങൾ കൃത്യമായി പാലിക്കുകയും വേണം.

ശരീരത്തിന് വ്യായാമമില്ലാത്ത അവസ്ഥയും ശ്വാസകോശ പ്രവർത്തനങ്ങളെ പരോക്ഷമായി ബാധിക്കും. വ്യായാമക്കുറവ് ശ്വാസകോശത്തെ നേരിട്ട് നശിപ്പിക്കില്ലെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശേഷി കുറയ്ക്കുന്നു. പതിവായി വ്യായാമം ചെയ്യാത്തവർക്ക് ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെടാം. പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

തുടർച്ചയായ ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. വിട്ടുമാറാത്ത ചുമ, ശ്വാസമെടുക്കുമ്പോഴുള്ള താളം തെറ്റൽ, നെഞ്ചിൽ അസ്വസ്ഥത, ശ്വാസംമുട്ടൽ എന്നിവയെല്ലാം കാലാവസ്ഥാ മാറ്റം കൊണ്ടോ മലിനീകരണം കൊണ്ടോ ഉണ്ടാകുന്നതാണെന്ന് കരുതി തള്ളിക്കളയരുത്. ഇവ ആസ്ത്മയോ മറ്റ് ശ്വാസകോശ അണുബാധകളോ രോഗങ്ങളോ ആകാൻ സാധ്യതയുണ്ട്.

ചുരുക്കത്തിൽ, സിഗരറ്റ് ഒഴിവാക്കുന്നത് കൊണ്ട് മാത്രം ശ്വാസകോശാരോഗ്യം പൂർണ്ണമാകില്ല. നമ്മുടെ വായുവും അന്തരീക്ഷവും ശ്വാസകോശത്തെ നിരന്തരം സ്വാധീനിക്കുന്നുണ്ട്. അതിനാൽ മലിനമായ വായു ശ്വസിക്കുന്നത് കുറയ്ക്കുക, വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കുക, തൊഴിൽപരമായ സുരക്ഷ പാലിക്കുക, വ്യായാമം ശീലമാക്കുക എന്നിവ വളരെ പ്രധാനമാണ്. അതിലുപരിയായി, ശ്വസനസംബന്ധമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ തുടർച്ചയായി അനുഭവപ്പെട്ടാൽ അത് അവഗണിക്കാതെ വിദഗ്ദ്ധ ചികിത്സ തേടണം.