സൂര്യൻ അസ്തമിച്ചാൽ ആരും ഉള്ളിൽ കടക്കാത്ത തികച്ചും കൗതുകമുണർത്തുന്ന ഒരു ക്ഷേത്രം ബീഹാറിലുണ്ട്. നാനൂറോളം വർഷം പഴക്കമുള്ള മാ വൻ ദേവി ക്ഷേത്രത്തിലാണ് ഈ ആചാരം നിലനിൽക്കുന്നത്. വൈകുന്നേരത്തെ പൂജകൾ കഴിഞ്ഞ് ശാന്തിക്കാരൻ പുറത്തിറങ്ങിയാൽ പിന്നെ ആരും ക്ഷേത്ര പരിസരത്തോ അതിനോട് ചേർന്നുള്ള കാട്ടിലോ നിൽക്കാനോ പ്രവേശിക്കാനോ പാടില്ലെന്നാണ് പ്രാദേശിക വിശ്വാസം.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഈ ആചാരത്തിന് പിന്നിൽ. ഇവിടെ ആരാധിക്കപ്പെടുന്ന മാ വൻ ദേവി കാടിന്റെ ദേവിയാണെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. രാത്രികാലങ്ങളിൽ ദേവി ക്ഷേത്ര പരിസരത്ത് സാന്നിധ്യമറിയിക്കുകയും സഞ്ചരിക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഇരുട്ടി വെളുക്കുന്നതുവരെ കാട്ടിൽ ദുരൂഹവും ഭയപ്പെടുത്തുന്നതുമായ ശക്തികൾ വസിച്ചിരുന്നുവെന്നാണ് പാരമ്പര്യമായി വിശ്വസിച്ചുപോരുന്നത്. ഇതിനാലാണ് സൂര്യോദയത്തിനു ശേഷം മാത്രം ആളുകൾ ഇവിടെയെത്തണമെന്ന ആചാരം രൂപപ്പെട്ടത്. എന്നാൽ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല, എങ്കിലും ക്ഷേത്ര ചരിത്രത്തിന്റെയും വിശ്വാസങ്ങളുടെയും ഭാഗമായി ഇത് തുടരുന്നു.
ബീഹാറിലെ പട്ന ജില്ലയിലുള്ള ബിഹ്തയ്ക്ക് സമീപം, പട്നയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് മാ വൻ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് പ്രശസ്തമായ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇത്. ഇവിടെ ദേവിയുടെ പ്രതിമയോ വിഗ്രഹമോ ഇല്ല. പകരം, വൻ ദേവിയുടെ രൂപമായി കണക്കാക്കുന്ന വിശുദ്ധമായ ഒരു ‘പിണ്ഡം’ (Sacred Pind) ആണ് ഭക്തർ ആരാധിക്കുന്നത്. പണ്ട് വലിയൊരു വനപ്രദേശമായിരുന്ന ഗ്രാമാന്തരീക്ഷത്തിലാണ് ഇന്ന് ഈ ക്ഷേത്രം നിലകൊള്ളുന്നത്.
വിദ്യാനന്ദ് മിശ്ര എന്ന ഭക്തന്റെ കഥയുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം നിലനിൽക്കുന്നത്. വിന്ധ്യാചലത്തിലെ മാ വിന്ധ്യവാസിനിയുടെ തീവ്രഭക്തനായിരുന്നു അദ്ദേഹം. പ്രായമായതോടെ വിന്ധ്യാചലത്തിലേക്ക് യാത്ര ചെയ്യുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായി മാറി. തുടർന്ന് ദേവി അദ്ദേഹത്തിന് സ്വപ്നത്തിൽ ദർശനം നൽകുകയും, ഒരു വിശുദ്ധ പിണ്ഡം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിശ്വാസം. ദൈവികമായ ഈ നിർദ്ദേശം അനുസരിച്ച് മിശ്ര ആ പിണ്ഡം തന്റെ വീടിനടുത്തുള്ള കാട്ടിൽ പ്രതിഷ്ഠിച്ചു.
ആദ്യകാലത്ത് വലിയ ക്ഷേത്രമൊന്നും അവിടെയുണ്ടായിരുന്നില്ല. ഒരു ചെറിയ കുടിലിലാണ് പിണ്ഡം സൂക്ഷിച്ചിരുന്നത്. ഘോരവനത്തിനുള്ളിൽ സ്ഥിതി ചെയ്തിരുന്നതിനാൽ ഈ ദേവി പിന്നീട് ‘വൻ ദേവി’ അഥവാ കാടിന്റെ ദേവി എന്ന് അറിയപ്പെടാൻ തുടങ്ങി. വിന്ധ്യാചലത്തിലെ മാ വിന്ധ്യവാസിനിയുമായി തന്നെയാണ് ഈ ക്ഷേത്രത്തെ ബന്ധിപ്പിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിന് ഏകദേശം 350 മുതൽ 400 വർഷം വരെ പഴക്കമുണ്ടെന്നും, പതിനാറാം നൂറ്റാണ്ടിലാണ് ഇത് സ്ഥാപിക്കപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ കൃത്യമായ പുരാവസ്തു രേഖകളൊന്നും ഇതിന് തെളിവായി ലഭ്യമല്ല. അതിനാൽ ഇതിന്റെ പഴക്കം വായ്മൊഴിയായി കൈമാറ്റം ചെയ്യപ്പെട്ട ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.
കാലക്രമേണ ഈ ചെറിയ ക്ഷേത്രം ഒരു വലിയ ക്ഷേത്രമായി വികസിച്ചു. 1958-ൽ ഭഗവാൻ ദാസ് ത്യാഗി എന്ന സന്യാസിയുടെ നേതൃത്വത്തിലും പിന്നീട് 1997-ലും ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. എങ്കിലും പരമ്പരാഗതമായ ആചാരങ്ങൾക്ക് മാറ്റമൊന്നും വന്നിട്ടില്ല; ഇപ്പോഴും വിഗ്രഹത്തിന് പകരം വിശുദ്ധ പിണ്ഡം തന്നെയാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.
ബീഹാറിലെ ഗ്രാമങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ഈ ഐതിഹ്യം ഇപ്പോൾ ബോളിവുഡിലും എത്തിയിരിക്കുകയാണ്. സിദ്ധാർത്ഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ ദി വാൻ: ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ്’ (The Vvaan: Force of the Forest) എന്ന ചിത്രം മാ വൻ ദേവി ക്ഷേത്രത്തിലെ ഈ കഥയെ ആസ്പദമാക്കിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ എഴുത്തുകാരനായ അരുണാഭ് കുമാർ തന്റെ അമ്മയിൽ നിന്നാണ് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള കഥകൾ ആദ്യമായി കേൾക്കുന്നത്. പിന്നീട് അദ്ദേഹം നേരിട്ട് ക്ഷേത്രവും വനവും സന്ദർശിക്കുകയും പൂജാരിമാരുമായും നാട്ടുകാരുമായും സംസാരിച്ച് സൂര്യനാഥത്തിനു ശേഷമുള്ള വിചിത്രമായ ആചാരങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു.
സൂര്യനസ്തമിച്ചാൽ കാട്ടിൽ പ്രവേശിക്കരുത് എന്ന പൗരാണിക വിശ്വാസമാണ് അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചത്. തുടർന്ന് സംവിധായകൻ ദീപക് കുമാർ മിശ്രയുമായി അദ്ദേഹം ഈ ആശയം പങ്കുവെക്കുകയും, നിർമ്മാതാവ് ഏക്താ കപൂറിലൂടെ ഈ പ്രാദേശിക ഐതിഹ്യം ഒരു വലിയ സിനിമയായി മാറുകയുമായിരുന്നു.




