ഗ്രേറ്റര്‍ നോയിഡയിൽ യമുന എക്സ്പ്രസ് വേയിലെ ബസ് തീ പിടിത്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരിൽ ശാരീരിക ബുദ്ധിമുട്ട് നേരിട്ട അമ്മയും മകനും. തീ പടരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പുകയുടെ മണം അനുഭവപ്പെട്ട കാര്യം യാത്രക്കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഹോബയിലെ ബി.ജെ.പി ജില്ലാ ട്രഷറർ നീരജ് ഗുപ്തയുടെ ഭാര്യ സുനിത, മകൻ ശശാങ്ക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചർഖാരി ടൗണിലെ രാജ്മന്ദിർ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്.
നടക്കാൻ ബുദ്ധിമുട്ടുള്ള സുനിത ബസ്സിന്റെ ഏറ്റവും പിൻവശത്തെ സീറ്റിലാണ് ഇരുന്നിരുന്നത്. തീ പടർന്നപ്പോൾ എല്ലാവരോടും പുറത്തിറങ്ങാൻ ഡ്രൈവർ ആവശ്യപ്പെട്ടു. ശശാങ്ക് അമ്മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അമ്മയുടെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സമയത്തിന് പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. പുക ശ്വസിച്ച് കുഴഞ്ഞുവീണ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. പൂർണ്ണമായും വെന്തുപോയ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെയും ബന്ധുക്കളുടെ തിരിച്ചറിയലിലൂടെയുമാണ് സ്ഥിരീകരിച്ചത്. മുൻ എം.പി പുഷ്പേന്ദ്ര സിംഗ് ചന്ദേൽ അടക്കമുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ ഇവരുടെ വസതി സന്ദർശിച്ചു.
ഡ്രൈവറും കണ്ടക്ടറും ബസ്സിനുള്ളിലിരുന്ന് പുകവലിച്ചത് യാത്രക്കാർ ചോദ്യം ചെയ്തിരുന്നതായി എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ ഇരുവരും പരാതികളെ നിസ്സാരവൽക്കരിച്ച് ചിരിച്ചുതള്ളുകയും യാത്രക്കാരോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഓടിക്കൊണ്ടിരുന്ന ബസ്സിൽ പുകയുടെ മണം പടർന്നപ്പോഴും യാത്രക്കാർ ഡ്രൈവറോട് പറഞ്ഞു. എന്നാൽ ഇത് സാധാരണ ഉണ്ടാകാറുള്ളതാണെന്ന് പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും ആ മുന്നറിയിപ്പ് തള്ളിക്കളഞ്ഞു. യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനകൾ അവഗണിച്ച് ഡ്രൈവർ പുകവലി തുടരുകയും വാഹനം പരിശോധിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തു.
മിനിറ്റുകൾക്കുള്ളിൽ ബസ്സിന്റെ മുൻഭാഗത്തുനിന്ന് തീ ആളിക്കത്തി. ഭയന്നോടിയ യാത്രക്കാർ നിലവിളിച്ചപ്പോൾ “നിങ്ങൾ മരിച്ചാലും എനിക്ക് കുഴപ്പമില്ല, ഞാൻ ബസ്സ് നിർത്താൻ പോകുന്നില്ല” എന്ന് ഡ്രൈവർ പറഞ്ഞതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ഡൽഹിയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ബീഹാർ രജിസ്ട്രേഷനിലുള്ള ബസ്സിൽ 35-ലധികം യാത്രക്കാരുണ്ടായിരുന്നു. നിമിഷങ്ങൾക്കകം ബസ്സ് പൂർണ്ണമായി കത്തിയമരുകയും കട്ടി കൂടിയ പുക കാരണം യാത്രക്കാർക്ക് പുറത്തുകടക്കാൻ കഴിയാതെ വരികയും ചെയ്തു. അപകടത്തിൽ ആകെ ഒൻപത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫയർഫോഴ്സ് എത്തി തീയണച്ച് രക്ഷാപ്രവർത്തനം നടത്തുമ്പോഴേക്കും ബസ്സ് പൂർണ്ണമായും കരിഞ്ഞുണങ്ങിയിരുന്നു.
എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലുണ്ടായ സ്ഫോടനമാണ് തീപിടുത്തത്തിന് കാരണമായതെന്നും ഇത് എൻജിൻ ഓയിലിലേക്ക് പടർന്ന് വേഗത്തിൽ തീ പിടിക്കുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവറും കണ്ടക്ടറും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ബസ്സിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഗതാഗത നിയമലംഘനങ്ങൾക്ക് 60-ലധികം തവണ പിഴ ലഭിച്ചതായി കണ്ടെത്തി. BR32PA8647 എന്ന രജിസ്ട്രേഷനിലുള്ള ഈ ബസ്സിന് നിലവിൽ 20 പിഴകളിലായി 1.7 ലക്ഷത്തിലധികം രൂപ കുടിശ്ശികയുണ്ടെന്ന് വാഹന വിവര രേഖകൾ വ്യക്തമാക്കുന്നു.




