വിദേശത്ത് ജോലി സ്വപ്നം കണ്ട് പണം നൽകിയ നിരവധി ഉദ്യോഗാർഥികൾ തട്ടിപ്പിനിരയായ സംഭവത്തിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ. പാർവതി മായാ ഷാജി (39) അറസ്റ്റിലായി. പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ, ഇമിഗ്രേഷൻ വീസകൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനാണ് ഇവർ പിടിയിലായത്. ഗൾഫിലെ പ്രവാസി മലയാളികൾക്കിടയിൽ ആഡംബര ജീവിതശൈലിയും വ്യവസായ രംഗത്തെ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയയായ പാർവതിയുടെ അറസ്റ്റ് പ്രവാസലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
വിദേശത്തുനിന്ന് മടങ്ങിയെത്തുന്നതിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം ഇവരെ തടഞ്ഞുവെക്കുകയും തുടർന്ന് പാലാരിവട്ടം പോലീസിന് കൈമാറുകയുമായിരുന്നു. നേരത്തെ ഇവർക്കെതിരെ പാലാരിവട്ടം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കൊച്ചിയിലെത്തിച്ചാണ് പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വഞ്ചന, ഇമിഗ്രേഷൻ ആക്ട് ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പാലാരിവട്ടത്തെ ഓഫീസിലൂടെ രണ്ടുപേരിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് പോലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്.
കൂടാതെ വിദേശത്ത് എൻജിനീയറിങ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 6.06 ലക്ഷം രൂപയും, കാനഡയിലേക്ക് ജോലിയും വീസയും ടിക്കറ്റും വാഗ്ദാനം ചെയ്ത് മറ്റൊരു യുവതിയിൽ നിന്ന് ലക്ഷങ്ങളും കൈപ്പറ്റിയ കേസും ഇവർക്കെതിരെയുണ്ട്. നിയമസംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് പോളണ്ട്, അർമേനിയ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വ്യാജ രേഖകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. നൂറിലേറെ ഉദ്യോഗാർഥികൾ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി പോലീസ് വ്യക്തമാക്കി. കാനഡ, യു.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റ സഹായം നൽകുന്ന സ്ഥാപനമായാണ് ആംസ്റ്റർ ഓവർസീസ് അറിയപ്പെട്ടിരുന്നത്. ദുബായ് കരാമയിൽ പ്രോജക്ട് മാനേജ്മെന്റ് സർവീസ് സ്ഥാപനമെന്ന പേരിൽ രജിസ്റ്റർ ചെയ്താണ് ഇവർ പ്രവർത്തിച്ചിരുന്നത്.
അതേസമയം, യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ മൈഗ്രേഷൻ തട്ടിപ്പുകളിൽപ്പെട്ട് നിരവധി പ്രവാസി മലയാളികൾ ദുരിതത്തിലാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. നല്ല ജോലിക്കായി ലക്ഷങ്ങൾ കടം വാങ്ങിയും വീട് പണയപ്പെടുത്തിയും വിദേശത്തെത്തിയ പലർക്കും വാഗ്ദാനം ചെയ്ത ജോലിയോ വീസയോ ലഭിക്കാതെ ബുദ്ധിമുട്ടേണ്ടി വരുന്നു. കൃത്യമായ താമസസൗകര്യവും ഭക്ഷണവുമില്ലാതെ നാട്ടിലേക്ക് തിരികെ വരാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പലരും കഴിയുന്നത്.
സ്വന്തം അധ്വാനം കൊണ്ട് ഉയർന്നുവന്ന സംരംഭകയെന്ന നിലയിൽ മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു പാർവതി മായാ ഷാജി. ബഹ്റൈനിൽ റസ്റ്റോറന്റുള്ള ഇവർ മികച്ച യുവ വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരവും കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥില് നിന്ന് ഏറ്റുവാങ്ങിയിരുന്നു. പാർവതിയുടെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ ദുബായിലെ ആംസ്റ്റർ ഓഫീസുമായി ബന്ധപ്പെടാൻ ഇരകൾ ശ്രമിച്ചെങ്കിലും ഓഫീസുകൾ പൂട്ടിയ നിലയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിക്കാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചു വരികയാണ്.




