Featured Sports

ടെസ്റ്റിൽ കണ്ണുവെച്ച് ഗംഭീർ: പ്രമുഖർക്ക് ഏകദിനത്തിൽ വിശ്രമം, സഞ്ജുവിന് വൻ അവസരം! രോഹിത്തിനൊപ്പം ഓപ്പണര്‍

ന്യൂസീലൻഡ് പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുന്നതിനായി ഏകദിന ടീമിലെ പ്രമുഖ താരങ്ങൾക്ക് ഇടവേള നൽകിയേക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ സൂചിപ്പിച്ചു. 50 ഓവർ മത്സരങ്ങളിൽ നിന്ന് അഞ്ച് ദിവസത്തെ ടെസ്റ്റ് ശൈലിയിലേക്ക് പെട്ടെന്ന് മാറുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബർ 15-ന് അഞ്ചാം ഏകദിനം കഴിഞ്ഞ് വെറും മൂന്ന് ദിവസത്തിന് ശേഷം, നവംബർ 19-നാണ് വെല്ലിങ്ടനിൽ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലുമായി ആകെ 12 മത്സരങ്ങളാണ് ഇന്ത്യ ഈ പര്യടനത്തിൽ കളിക്കുന്നത്.

ടെസ്റ്റ് മത്സരങ്ങളുടെ തയാറെടുപ്പിനായി ബാറ്റർമാർക്ക് ഏകദിനങ്ങളിൽ വിശ്രമം നൽകേണ്ടി വരുമെന്ന് ‘ജിയോസ്റ്റാറിനോട്’ സംസാരിക്കവേ ഗംഭീർ പറഞ്ഞു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവരിൽ ചിലർ ടെസ്റ്റ് പരമ്പരയ്ക്കായി അവസാന ഏകദിനങ്ങളിൽ നിന്ന് വിട്ടുനിന്നേക്കും. വരുംകാലങ്ങളിൽ മൂന്ന് ഫോർമാറ്റിലും ഒരുപോലെ കളിക്കുന്ന താരങ്ങളുടെ എണ്ണം കുറവായിരിക്കുമെന്നും, പ്രകടനത്തിൽ തുടർച്ച നിലനിർത്താൻ കളിക്കാരെ മാറിമാറി ഉപയോഗിക്കേണ്ടി വരുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

റെഡ് ബോൾ ക്രിക്കറ്റിനാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും ഗംഭീർ വ്യക്തമാക്കി. ശക്തമായ ടെസ്റ്റ് ടീമുള്ള രാജ്യത്തിനേ മികച്ച ക്രിക്കറ്റ് സംസ്കാരം വളർത്തിയെടുക്കാൻ സാധിക്കൂ എന്നും ട്വന്റി20 ടീം മാത്രം പോരെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒക്ടോബർ 22-ന് ആരംഭിക്കുന്ന പര്യടനത്തിൽ അഞ്ച് ട്വന്റി20യും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്. ടെസ്റ്റ് ടീമിലുള്ള പ്രധാന താരങ്ങൾക്ക് മൂന്നാം ഏകദിനത്തിന് ശേഷം വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

ഗില്ലിന് വിശ്രമം ലഭിക്കുകയാണെങ്കിൽ അവസാന രണ്ട് ഏകദിനങ്ങളിൽ ശ്രേയസ്സ് അയ്യർ ഇന്ത്യയെ നയിച്ചേക്കും. കെ.എൽ. രാഹുൽ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസണ് ടീമിൽ വീണ്ടും അവസരം ലഭിക്കാൻ വഴി തെളിയും. കൂടാതെ ഗില്ലിന്റെ അഭാവത്തിൽ സഞ്ജുവോ ഇഷാൻ കിഷനോ ഇന്നിങ്സ് ഓപ്പൺ ചെയ്യാനും സാധ്യതയുണ്ട്.