സൗത്ത് ഓസ്ട്രേലിയയിൽ സ്വന്തം ഫാമിൽ നിന്ന് നാല് വയസ്സുകാരൻ ഗസ് ലാമോണ്ടിനെ കാണാതായിട്ട് ഒരു വർഷത്തോളമാകുമ്പോൾ, കേസ് തെളിയിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അധികൃതർ. 2025 സെപ്റ്റംബർ 27-നാണ് ഓക്ക് പാർക്ക് സ്റ്റേഷൻ എന്ന സ്ഥലത്തുനിന്ന് ഗസിനെ കാണാതാകുന്നത്. ഇതേത്തുടർന്ന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കാണാതായതിന്റെ ഒന്നാം വാർഷികം അടുത്തിരിക്കെ, ഗസിന് അറിയാവുന്ന ആരോ തന്നെയാണ് ഇതിന് പിന്നിലെന്ന് പോലീസ് ഇപ്പോഴും സംശയിക്കുന്നു.
കുട്ടിയെ കാണാതായതിന് ശേഷം ആദ്യമായി മാതാപിതാക്കളായ ജോഷ്വ ലാമോണ്ടും ജെസീക്ക മുറെയും പരസ്യമായി പ്രതികരിച്ചു. സൗത്ത് ഓസ്ട്രേലിയൻ പോലീസ് പുറത്തുവിട്ട വീഡിയോയിൽ, എത്ര ചെറിയ വിവരമാണെങ്കിലും അറിയാവുന്നവർ അത് വെളിപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് അവർ അഭ്യർത്ഥിച്ചു. തങ്ങളുടെ മകന് എന്താണ് സംഭവിച്ചതെന്ന് ആരോ ഒക്കെ കൃത്യമായി അറിയാമെന്നാണ് അവർ വിശ്വസിക്കുന്നത്. ഇതിനിടയിൽ മകന്റെ അഞ്ചാം ജന്മദിനവും ഇളയ മകന്റെ ഒന്നാം ജന്മദിനവും കടന്നുപോയതായി വേദനയോടെ അവർ ഓർത്തെടുത്തു.
അഡ്ലെയ്ഡിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള യൂന്റയ്ക്ക് സമീപമുള്ള ആടുകളെ വളർത്തുന്ന വലിയ ഫാമിലാണ് കുടുംബം താമസിച്ചിരുന്നത്. 2025 സെപ്റ്റംബർ 27-ന് വൈകുന്നേരം അഞ്ച് മണിയോടെ വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ അരമണിക്കൂറിന് ശേഷം മുത്തശ്ശി വിളിക്കാൻ വന്നപ്പോഴാണ് കാണാതായത്. തവിട്ടുനിറത്തിലുള്ള തൊപ്പിയും നീല മിനിയൻസ് ടി-ഷർട്ടും ചാരനിറത്തിലുള്ള പാന്റും ബൂട്ടും ധരിച്ചിരുന്ന കുട്ടിക്കായി 60,000 ഹെക്ടറോളം വരുന്ന ഫാമിന്റെ വിസ്തൃതമായ പ്രദേശങ്ങളിൽ 11 ഗ്രൗണ്ട് സെർച്ചുകളും 700 ചതുരശ്ര കിലോമീറ്ററിലധികം വ്യോമ നിരീക്ഷണങ്ങളും പോലീസ് നടത്തി. കിണറുകളും ഖനികളും വരെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടി തനിയെ വഴിതെറ്റിപ്പോയതാണെന്നോ അജ്ഞാതരായ ആരോ തട്ടിയെടുത്ത് കൊണ്ടുപോയതാണെന്നോ ഉള്ള സാധ്യതകൾ പോലീസ് തള്ളിക്കളഞ്ഞു. 2026 ഫെബ്രുവരിയിൽ കേസ് പ്രധാന കുറ്റകൃത്യമായി (Major Crime) പ്രഖ്യാപിച്ച പോലീസ്, ഈ ഫാമിൽ താമസിച്ചിരുന്ന ഒരാളാണ് സംശയനിഴലിലുള്ളതെന്ന് വ്യക്തമാക്കി. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും അവർ അറിയിച്ചു. സംശയമുള്ള വ്യക്തി കുട്ടിയുടെ മുത്തശ്ശിമാരിൽ ഒരാളാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇവർ ഇത് നിഷേധിച്ചിട്ടുണ്ട്.
നിലവിൽ കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക സംഘം മുൻപ് എടുത്ത ഡ്രോൺ ചിത്രങ്ങൾ വീണ്ടും സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചില സംശയകരമായ കാര്യങ്ങൾ (Anomalies) കണ്ടെത്തുകയുണ്ടായി. ഇതേത്തുടർന്ന് പ്രദേശത്ത് വീണ്ടും തിരച്ചിൽ നടത്തുന്ന കാര്യം പോലീസ് പരിഗണിക്കുന്നുണ്ട്. വാർത്തകൾ കേട്ട് അനാവശ്യ ഊഹാപോഹങ്ങൾ ഉണ്ടാക്കാതെ കേസ് മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന യഥാർത്ഥ വിവരങ്ങൾ ജനങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ 10 ലക്ഷം ഡോളറിന്റെ വൻ തുക പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.




