കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയുടെ (26) രൂപം തടിയിൽ കൊത്തിയെടുത്ത് മാതാവ് രേഷ്മ അന്ത്യകർമ്മങ്ങൾ നടത്തി. കാണാതായ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ അസ്തമിച്ചതോടെയാണ് ഹൃദയം തകരുന്ന വേദനയോടെ രേഷ്മ ഈ തീരുമാനത്തിലേക്ക് എത്തിയത്.
കഴിഞ്ഞ ജൂലൈ 31-ന് പുലർച്ചെയാണ് ഗൗതം ഉൾപ്പെടെ 14 പേർ സഞ്ചരിച്ചിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ഗൗതമിന്റെ പിതാവ് രാധാകൃഷ്ണനും (46) മുത്തശ്ശൻ യു. രാജീവനും (74) മരണപ്പെട്ടിരുന്നു. ഭർത്താവും പിതാവും അന്ത്യവിശ്രമം കൊള്ളുന്ന അതേ വീട്ടുമുറ്റത്താണ് രേഷ്മ മകന്റെയും ബലികർമ്മങ്ങൾ പൂർത്തിയാക്കിയത്.
കാണാതായ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രേഷ്മ നടത്തിയ പോരാട്ടങ്ങൾ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയാണ് ഒരമ്മയെ ഈ അവസ്ഥയിലാക്കിയതെന്ന് രേഷ്മ ആരോപിച്ചു. ഇന്നും തെരച്ചിൽ അവസാനിപ്പിച്ച നിലയിലാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള പ്രമുഖർ വീട് സന്ദർശിച്ചിരുന്നെങ്കിലും, ഇളയ മകന് ജോലി നൽകാമെന്ന വാഗ്ദാനം സർക്കാർ മറന്നതായും മൂന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട രേഷ്മ സങ്കടത്തോടെ പറയുന്നു.




