Featured Good News

ഇങ്ങനെയാവണം യുവത; ഗുരുഗ്രാമിൽ നിന്ന് മാറ്റിയത് 2,435 കിലോ മാലിന്യം! ജനപ്രിയനായി ബിട്ടു; കൈകോർത്ത് പ്രദേശവാസികളും!

‘ബിട്ടു തബാഹി’ എന്ന പേരിൽ അറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരി തന്റെ ശുചീകരണ ദൗത്യം മധ്യപ്രദേശിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ അജ്നാർ നദിയും ഡൽഹിയിലെ യമുനയും വൃത്തിയാക്കി ശ്രദ്ധ നേടിയ ബിട്ടു, ഇപ്പോൾ തൻ്റെ ‘#CleanWithBittu’ ക്യാമ്പയിന്റെ ഭാഗമായി ഗുരുഗ്രാമിലും നോയിഡയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പൊതുസ്ഥലങ്ങളിലും നദീതീരങ്ങളിലും കുമിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ കൈകോർക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സെപ്റ്റംബർ 20-ന് ഡൽഹിയിൽ ആരംഭിച്ച മൂന്ന് ദിവസത്തെ ശുചീകരണ ദൗത്യത്തിൽ ബിട്ടുവും സംഘവും ചേർന്ന് 585 കിലോഗ്രാം മാലിന്യം ശേഖരിച്ചു. തൊട്ടടുത്ത ദിവസം ഗുരുഗ്രാമിലെ ഖേഡ്കി ദൗലയ്ക്ക് സമീപമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ഭാഗമാണ് ഇവർ ശുചീകരിച്ചത്. ഇവിടെ നിന്ന് മാത്രം 2,435 കിലോഗ്രാം മാലിന്യം നീക്കം ചെയ്തതായി ബിട്ടു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് വലിയ അപകടമാണെന്ന് ബിട്ടു ചൂണ്ടിക്കാട്ടി. പ്രാദേശിക നിവാസികളും ഈ ദൗത്യത്തിൽ പങ്കാളികളായി. തുടർന്ന് നോയിഡയിലെ യമുനാ നദീതീരത്തുള്ള യുവാശക്തി ഘട്ടിലും ബിട്ടുവും സംഘവും ശുചീകരണ പ്രവർത്തനം നടത്തി.

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ബിയോറ എന്ന സ്വന്തം ഗ്രാമത്തിൽ നിന്നാണ് ബിട്ടു തൻ്റെ ശുചീകരണ ദൗത്യം ആരംഭിക്കുന്നത്. ഒരു വിദ്യാർത്ഥിയും പരിസ്ഥിതി പ്രവർത്തകനുമായ ബിട്ടു, അജ്നാർ നദിയിലെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കണ്ട് സഹികെട്ടാണ് 2026 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഈ ശുചീകരണ ദൗത്യത്തിന് തുടക്കമിടുന്നത്. ആദ്യ ഘട്ടത്തിൽ സുഹൃത്തുക്കളുടെ സഹായം ലഭിച്ചെങ്കിലും പിന്നീട് ഇതൊരു ഒറ്റയാൾ പോരാട്ടമായി മാറി.

സുരക്ഷാ സാമഗ്രികൾ ഒന്നുമില്ലാതെ കടുത്ത ചർമ്മരോഗങ്ങളും പാമ്പുകളുടെ ഭീഷണിയും അവഗണിച്ചാണ് ബിട്ടു നദി ഇറങ്ങി വൃത്തിയാക്കിയത്. സ്വന്തം സമ്പാദ്യം ഉപയോഗിച്ചാണ് അദ്ദേഹം ഇതിനാവശ്യമായ ഉപകരണങ്ങൾ വാങ്ങിയത്. അജ്നാർ നദി വീണ്ടെടുക്കാനുള്ള അദ്ദേഹത്തിന്റെ ഈ കഠിനാധ്വാനം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി. ഡച്ച് പരിസ്ഥിതി സംഘടനയായ ‘ദി ഓഷ്യൻ ക്ലീനപ്പിന്റെ’ സ്ഥാപകൻ ബോയൻ സ്ലാറ്റ് ബിട്ടുവിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.