Oddly News

“മനുഷ്യന്റെ നിയന്ത്രണം നഷ്ടപ്പെടും!” 5 വർഷത്തിനുള്ളിൽ AI മനുഷ്യന്റെ കൈവിട്ടുപോകുമെന്ന് മുന്നറിയിപ്പ്!

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മനുഷ്യൻ ‘സൂപ്പർഇന്റലിജന്റ്’ നിർമ്മിത ബുദ്ധി (AI) യന്ത്രങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് യുകെയിലെ അലൻ ട്യൂറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ച പുറത്തുവിട്ട ഈ റിപ്പോർട്ടിൽ, എഐ മനുഷ്യന്റെ കഴിവുകളെ മറികടക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും എഐയുടെ വികസനത്തിൽ വലിയ നിയന്ത്രണങ്ങളും അന്താരാഷ്ട്ര സഹകരണവും ആവശ്യമാണെന്നും വ്യക്തമാക്കുന്നു.

എഐ സാങ്കേതികവിദ്യ സ്വയം വികസിക്കുമ്പോൾ, നിർണായകമായ പല ചുമതലകളും മനുഷ്യൻ യന്ത്രങ്ങളെ ഏൽപ്പിക്കുകയും ഒടുവിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് മനുഷ്യൻ പൂർണ്ണമായി പുറന്തള്ളപ്പെടുകയും ചെയ്യുമെന്നാണ് ബ്രിട്ടനിലെ പ്രമുഖ എഐ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നൽകുന്നത്. മനുഷ്യന്റെ എല്ലാ ചിന്താശേഷികളെയും മറികടക്കുന്ന എഐ സിസ്റ്റങ്ങൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എഐ ഉണ്ടാക്കുന്ന തന്ത്രങ്ങളും തീരുമാനങ്ങളും ശരിയായി വിലയിരുത്താൻ മനുഷ്യർക്കോ സ്ഥാപനങ്ങൾക്കോ സാധിക്കാതെ വരികയും, സംഘടനകൾ പ്രതികരിക്കുന്നതിനേക്കാൾ വേഗത്തിൽ എഐ പ്രവർത്തിക്കുകയും ചെയ്താൽ മനുഷ്യന്റെ നിയന്ത്രണം പൂർണ്ണമായും ഇല്ലാതാകും. കൂടാതെ രാസ-ജൈവ ഭീഷണികൾ ഉയർത്താനും ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനും എഐക്ക് സാധിച്ചേക്കാം.

എഐയുടെ അതിവേഗ വളർച്ച മനുഷ്യരാശിയുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോകുന്നതിന് മുമ്പ് അതിർത്തി കടന്നുള്ള എഐ വികസനങ്ങൾ നിർത്തിവെക്കണമെന്ന് ലോകത്തെ പ്രമുഖ എഐ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് ഈ റിപ്പോർട്ട് വരുന്നത്. ആന്ത്രോപിക് (Anthropic) സിഇഒ ഡാരിയോ അമോഡെയ് ഉൾപ്പെടെയുള്ള പ്രമുഖർ എഐ പരിശോധനകൾക്കായി മൂന്നാം കക്ഷി വിദഗ്ധരെ നിയമിക്കണമെന്നും അന്താരാഷ്ട്ര കരാറുകൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ദശകത്തിന്റെ അവസാനത്തോടെ എഐ മനുഷ്യവംശത്തിന് തന്നെ ഭീഷണിയാകാൻ 10 ശതമാനത്തിലധികം സാധ്യതയുണ്ടെന്ന് മുൻനിര ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. 2022-ൽ ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതിനു ശേഷം എഐ സാങ്കേതികവിദ്യ സ്വയം വികസിച്ചുകൊണ്ട് എത്രത്തോളം വേഗത്തിലാണ് മുന്നേറുന്നത് എന്ന് ഈ മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നു.