സൂറത്ത് ∙ ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ഞെട്ടിക്കുന്ന പ്രതികാരക്കഥ. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന വ്യാപാര കേന്ദ്രത്തിലുണ്ടായ അപകടം കേവലം ആകസ്മികമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സത്യം പുറത്തുവന്നത്.
സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിലെ ഒരു കടയുടമയും മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്ലെയും തമ്മിൽ 10,000 രൂപയെച്ചൊല്ലിയുണ്ടായ തർക്കമാണ് 14 കടകൾ കത്തിനശിക്കാനും ഏകദേശം 24 കോടി രൂപയുടെ നഷ്ടത്തിനും ഇടയാക്കിയത്.
കടയിലെ മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്ലെ തന്നെയാണ് തീപിടിത്തത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഏപ്രിൽ മുതൽ 639-ാം നമ്പർ കടയിൽ മൂന്നു മാസത്തോളം വിനോദ് ജോലി ചെയ്തിരുന്നു. അക്കൗണ്ടിങ് കൃത്യമായി ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ജൂണിൽ ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കി. ബാക്കി ലഭിക്കാനുണ്ടായിരുന്ന 10,000 രൂപ ശമ്പളം ചോദിച്ചപ്പോൾ ഉടമ തന്നെ അപമാനിച്ചതാണ് ക്രൂരമായ ഈ പ്രതികാരത്തിന് പ്രകോപനമായതെന്ന് ഇയാൾ മൊഴി നൽകി.
150 രൂപയ്ക്ക് പെട്രോളും വാങ്ങി രാത്രി 9 മണിയോടെ വ്യാപാര കേന്ദ്രത്തിലെത്തിയ ഇയാൾ അഞ്ചാം നിലയിലെ ഗോവണിപ്പടിക്ക് സമീപം ഒളിച്ചിരുന്നു. രാത്രി 12.30-ഓടെ ആളൊഴിഞ്ഞ സമയം നോക്കി ഇയാൾ ലക്ഷ്യമിട്ട കടയുടെ മുന്നിലെത്തി. മുഖം വെള്ളത്തുണി കൊണ്ടു മറച്ച് ബാഗുമായി ആറാം നിലയിലെത്തുന്നതും പ്രദേശം നിരീക്ഷിച്ച ശേഷം ബാഗിൽ നിന്ന് പെട്രോൾ കുപ്പിയെടുത്ത് കടയ്ക്ക് പുറത്തുവെച്ചിരുന്ന തുണിപ്പെട്ടികളിലും കെട്ടുകളിലും ഒഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന് തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് തീ കൊളുത്തുകയും തീ ആളിക്കത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. വൻതോതിൽ തുണിത്തരങ്ങളും പാക്കിങ് സാമഗ്രികളും ഉണ്ടായിരുന്നതിനാൽ തീ പെട്ടെന്ന് പടർന്നുപിടിക്കുകയും മണിക്കൂറുകളോളം പരിശ്രമിച്ചാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തത്.
സൂറത്ത് പോലീസിന്റെ ‘വിശ്വാസ് പ്രോജക്റ്റ് ഫേസ്-2’ ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ദിന്തോളിയിലെ ബിലിപത്ര റെസിഡൻസിയിൽ താമസിക്കുന്ന വിനോദിലേക്ക് അന്വേഷണസംഘം എത്തിയത്. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബത്തോടൊപ്പം സൂറത്തിൽ നിന്ന് കടന്ന ഇയാൾ രാജസ്ഥാനിലും അയോധ്യയിലും ഒളിവിൽ കഴിഞ്ഞു. ദിവസങ്ങൾക്ക് ശേഷം സൂറത്തിലേക്ക് തിരിച്ചെത്തിയ സമയത്ത് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.




