എ.ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് സുന്ദരിയായ യുവ ഡോക്ടർ ചമഞ്ഞ് വ്യവസായിയിൽ നിന്ന് 1.7 ലക്ഷം യുവാൻ (ഏകദേശം 20 ലക്ഷത്തോളം രൂപ) തട്ടിയെടുത്ത 65 കാരി ചൈനയിൽ പിടിയിലായി. യു ഷിയുഷെൻ എന്ന സ്ത്രീയാണ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി ആളുകളെ പറ്റിച്ചത്. ഫെയ്സ്-സ്വാപ്പിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച്, ഷാങ്ഹായിലെ പ്രമുഖ ആശുപത്രിയിലെ 29 കാരിയായ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇവർ അതേ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു എന്നതാണ് വാസ്തവം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച അയ്യായിരത്തിലധികം ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് ഇവർ അയ്യായിരത്തോളം ഫോളോവേഴ്സിനെ ഉണ്ടാക്കിയെടുത്തത്. 2021-ലാണ് ഷാങ്ഹായ് സ്വദേശിയായ ലിയു ഹുയി എന്ന കോൺട്രാക്ടർ ഇവരുടെ പ്രൊഫൈൽ കാണുന്നത്. ആശുപത്രിയിലെ നിർമ്മാണ കരാറുകൾ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച ഇവർ, ലിയുവുമായി ഓൺലൈനിലൂടെ സൗഹൃദത്തിലാവുകയും പ്രണയം നടിക്കുകയും ചെയ്തു.
നേരിട്ട് കാണാനോ വീഡിയോ കോൾ ചെയ്യാനോ ലിയു ആവശ്യപ്പെടുമ്പോഴെല്ലാം ഇവർ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവായി. പിന്നീട് തന്റെ കർക്കശക്കാരിയായ അമ്മയാണെന്ന വ്യാജേന മറ്റൊരു കഥകൂടി ഇവർ ഉണ്ടാക്കി. മകളെ വിവാഹം കഴിക്കണമെങ്കിൽ 3 ലക്ഷം യുവാൻ സ്ത്രീധനമായി നൽകണമെന്നും അപാര്ട്മെന്റ് വാങ്ങണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച ലിയു അഞ്ച് മാസത്തിനിടെ 1.7 ലക്ഷം യുവാൻ ഇവർക്ക് കൈമാറി. എന്നാൽ വാഗ്ദാനം ചെയ്ത കരാറുകളൊന്നും ലഭിക്കാതെ വന്നതോടെ ലിയു പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ, യുവ ഡോക്ടർക്ക് പകരം 65 കാരിയായ ശുചീകരണ തൊഴിലാളിയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. മുൻപും തട്ടിപ്പ് കേസിൽ പ്രതിയായിട്ടുള്ള ആളാണ് യു ഷിയുഷെൻ. ലിയുവിൽ നിന്ന് തട്ടിയെടുത്ത പണം സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കും, വിലകൂടിയ വസ്ത്രങ്ങൾക്കുമായി ഇവർ ചെലവഴിക്കുകയായിരുന്നു. ഇവർ പങ്കുവെച്ച വീഡിയോകളിൽ “എ.ഐ നിർമ്മിതം” എന്ന ചെറിയ വാർണിംഗ് അടയാളം ഉണ്ടായിരുന്നുവെങ്കിലും സാങ്കേതികവിദ്യയെക്കുറിച്ച് ധാരണയില്ലാത്തതിനാൽ താൻ അത് ശ്രദ്ധിച്ചിരുന്നില്ലെന്ന് ലിയു പോലീസിനോട് പറഞ്ഞു.




