ചർമ്മത്തിൽ അണുബാധയുണ്ടാകുമ്പോൾ കഴിക്കുന്ന ഭക്ഷണത്തെച്ചൊല്ലി പലർക്കും സംശയങ്ങൾ ഉണ്ടാകാറുണ്ട്. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുട്ട കഴിക്കുന്നത് അണുബാധ കൂട്ടുമോ എന്നതാണ് അതിലൊന്ന്. എന്നാൽ, സാധാരണയായി മുട്ട കഴിക്കുന്നത് ചർമ്മത്തിലെ അണുബാധ വഷളാക്കില്ല എന്ന് ന്യൂഡൽഹി സ്വസ്തം വെൽനസ് സ്കിന്നിലെ ഡെർമറ്റോളജിസ്റ്റ് ഡോ. നീഹരിക ഗോയൽ വ്യക്തമാക്കുന്നു.
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയയെ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മുട്ടയോട് അലർജി ഉള്ളവർക്ക് ഇത് കഴിക്കുമ്പോൾ ചർമ്മത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
മുട്ടയോട് അലർജിയുള്ളവർക്ക് അത് കഴിക്കുമ്പോൾ ചൊറിച്ചിൽ, തടിപ്പ്, വീക്കം അല്ലെങ്കിൽ ചർമ്മത്തിൽ ചൊറിഞ്ഞുതടിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടാം. ഇത് ബാക്ടീരിയ, ഫംഗസ് അല്ലെങ്കിൽ വൈറസ് മൂലമുണ്ടാകുന്ന അണുബാധയിൽ നിന്ന് വ്യത്യസ്തമാണ്. ശരീരത്തിലെ പ്രതിരോധസംവിധാനം ഒരു പ്രത്യേക പദാർത്ഥത്തോട് പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. അതേസമയം, ദോഷകരമായ സൂക്ഷ്മാണുക്കൾ ചർമ്മത്തെ ബാധിക്കുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. അതിനാൽ മുട്ട കഴിച്ചശേഷം ചർമ്മത്തിൽ ഉണ്ടാകുന്ന പ്രതികരണങ്ങൾ അണുബാധ വഷളായതുകൊണ്ടല്ല, മറിച്ച് മുട്ടയോടുള്ള അലർജി കൊണ്ടായിരിക്കാം.
മുറിവുകളിലൂടെയും കടികളിലൂടെയും ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ബാക്ടീരിയൽ അണുബാധയുണ്ടാകുന്നത്. ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിലാണ് ഫംഗസ് അണുബാധകൾ കൂടുതലായി വളരുന്നത്. വൈറൽ അണുബാധകൾ ചർമ്മത്തിൽ കുമിളകൾക്കും വ്രണങ്ങൾക്കും കാരണമായേക്കാം. ചർമ്മത്തിൽ ചുവപ്പുനിറം, ചൂട് അനുഭവപ്പെടുക, വീക്കം, വേദന, ചൊറിച്ചിൽ, പഴുപ്പ് അല്ലെങ്കിൽ പനി എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ.
ചർമ്മത്തിൽ അണുബാധയുള്ളതുകൊണ്ട് മാത്രം ഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കേണ്ടതില്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ മുട്ടയ്ക്ക് കഴിയും. എന്നാൽ മുട്ട കഴിക്കുമ്പോഴൊക്കെ ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടെങ്കിൽ, സ്വയം ഭക്ഷണം ഒഴിവാക്കുന്നതിന് പകരം ഒരു ഡോക്ടറെ കണ്ട് അലർജിയാണോ എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. അണുബാധ വേഗത്തിൽ പടരുകയോ, കടുത്ത വേദന, വീക്കം, പഴുപ്പ്, പനി എന്നിവ ഉണ്ടാകുകയോ ചെയ്യുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടതുണ്ട്.




