ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. കേസിലെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനായിരിക്കും നൽകുക.
മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ നിർണായക കൂടിയാലോചനകൾക്ക് ശേഷമാണ് അന്വേഷണ കാര്യത്തിൽ അന്തിമ തീരുമാനമായത്. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദനവും ഹവാല ഇടപാടുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ അതീവ ഗുരുതരമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ഡിജിപിക്ക് സമർപ്പിച്ച കത്തിൽ പിണറായി വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ മാസപ്പടിയായി വാങ്ങിയെന്നും, മുഹമ്മദ് റിയാസ് 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്.




