മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായ അജിത് അഗാർക്കറുടെ കാലാവധി അവസാന ഘട്ടത്തിലേക്ക് എത്തുകയാണെന്ന് റിപ്പോർട്ട്. 2023 ജൂലൈയിൽ സ്ഥാനമേറ്റെടുത്ത അഗാർക്കറുടെ കരാർ ഈ മാസം അവസാനിക്കുമ്പോൾ, അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യ രണ്ട് ടി20 ലോകകപ്പുകളും ഏഷ്യാ കപ്പും ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കുകയും ഏകദിന ലോകകപ്പ് ഫൈനലിൽ എത്തുകയും ചെയ്തു. വിരാട് കോലിയും രോഹിത് ശർമയും ചില ഫോർമാറ്റുകളിൽ നിന്ന് വിരമിക്കുമ്പോഴും സെലക്ടറായിരുന്ന അഗാർക്കർ, ടീം മാനേജ്മെന്റുമായുള്ള നിരന്തര തർക്കങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ശേഷമാണ് നിർണായക പദവി ഒഴിയുന്നത്.
2023-ൽ ചുമതലയേറ്റെടുത്തത് മുതൽ അഗാർക്കറും ടീം മാനേജ്മെന്റും തമ്മിൽ അഭിപ്രായ ഭിന്നതകൾ ആരംഭിച്ചിരുന്നതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. പരിക്കിൽ നിന്ന് ഒരു വർഷത്തിന് ശേഷം തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയെ അയർലൻഡ് പര്യടനത്തിൽ ക്യാപ്റ്റനാക്കാനുള്ള മാനേജ്മെന്റിന്റെ നീക്കത്തെയാണ് അഗാർക്കർ ആദ്യം എതിർത്തത്. എന്നാൽ ബുമ്രയുടെ താല്പര്യം മുൻനിർത്തി മാനേജ്മെന്റ് മുന്നോട്ട് പോവുകയും, ബുമ്രയുടെ നായകത്വത്തിൽ ഇന്ത്യ 2–0 ന് ടി20 പരമ്പര വിജയിക്കുകയും ചെയ്തു.
ബുമ്രയ്ക്ക് പകരം ഋതുരാജ് ഗെയ്ക്വാദിനെ നായകനാക്കണമെന്നും, മടങ്ങിവരവിൽ ബുമ്രയുടെ ജോലിഭാരം കുറയ്ക്കണമെന്നുമായിരുന്നു അഗാർക്കറുടെ നിലപാട്. രോഹിത് ശർമയുടെ ഭാവിയെക്കുറിച്ചും സെലക്ടർക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. രോഹിത്തിനെ അടുത്ത ലോകകപ്പിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന അഗാർക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് രോഹിത് ബിസിസിഐയിലെ ഉയർന്ന ഉദ്യോഗസ്ഥരെ സമീപിച്ചതോടെ, താരത്തിന്റെ വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ പ്രസ്താവന പുറപ്പെടുവിച്ചു.
ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് തലവനായ വി.വി.എസ്. ലക്ഷ്മണുമായും അഗാർക്കർക്ക് ഒത്തുപോകാൻ കഴിഞ്ഞില്ല. പരിക്കേറ്റ താരങ്ങളെ കളിപ്പിക്കുന്നതിനെക്കുറിച്ചും ഏഷ്യൻ ഗെയിംസിലേക്ക് ഒന്നാം നിര ടീമിനെ അയച്ചതിനെക്കുറിച്ചും ഇരുവരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഈ തർക്കങ്ങളാണ് അഗാർക്കറുടെ കരാർ നീട്ടി നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചതെന്നാണ് വിവരം.
അവലോകന യോഗത്തിൽ അഗാർക്കർ പങ്കെടുക്കാതിരുന്നത് ഒരുതരത്തിൽ നന്നായി എന്നാണ് ബിസിസിഐയിലെ ചില കേന്ദ്രങ്ങളുടെ അഭിപ്രായമെന്ന് ‘ദി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. അഗാർക്കർ പങ്കെടുത്തിരുന്നെങ്കിൽ സെന്റർ ഓഫ് എക്സലൻസിന്റെ പ്രവർത്തനങ്ങളെച്ചൊല്ലി ലക്ഷ്മണുമായി കടുത്ത വാഗ്വാദത്തിന് സാധ്യതയുണ്ടായിരുന്നു. വർഷങ്ങളോളം ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ച പരിചയം ഇരുവർക്കുമുണ്ടെങ്കിലും, പരുക്കേറ്റ കളിക്കാരുടെ കാര്യത്തിലും ‘ഇന്ത്യ എ’ ടീമുകളുടെ മത്സരക്രമത്തിന്റെ കാര്യത്തിലും ഇരുവരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ജയിക്കണം എന്ന ലക്ഷ്യത്തിന്റെ കാര്യത്തിൽ വിരാട് കോലിക്കും സൗരവ് ഗാംഗുലിക്കും ഉള്ളത്ര വീര്യം ലക്ഷ്മണനുമുണ്ടെന്നും, ഏത് ടൂർണമെന്റായാലും ഏറ്റവും മികച്ച പ്ലെയിങ് ഇലവൻ കളിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും മുൻ സ്റ്റേറ്റ് കോച്ച് വ്യക്തമാക്കി.
എന്നാൽ, റാങ്കിംഗിൽ പിന്നിലുള്ള ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ് പോലുള്ള ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഒന്നാം നിര ടീമിനെ തന്നെ അയക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ അഗാർക്കർക്ക് സംശയമുണ്ടായിരുന്നു. ഹാങ്ഷൂ ഏഷ്യൻ ഗെയിംസിന്റെ സമയത്ത് പ്രധാന ടീം ഏകദിന ലോകകപ്പിന്റെ തിരക്കിലായിരുന്നതിനാൽ ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ കളിച്ചത്. എന്നാൽ ഇത്തവണ ശ്രേയസ് അയ്യർ, ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് ശുഭ്മൻ ഗിൽ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്.
പുതുച്ചേരിയിൽ നടക്കുന്ന ‘ഇന്ത്യ എ’ ടെസ്റ്റ് മത്സരങ്ങളും ശ്രീനഗറിലെ ഇറാനി കപ്പും ഒരേ സമയം വരുന്നതും, ന്യൂസിലൻഡ് എ ടീമിനെതിരെയുള്ള മത്സരങ്ങളും മറ്റ് പരമ്പരകളും തമ്മിൽ തീയതികളിൽ കൂട്ടിമുട്ടുന്നതും ഇരുവരും തമ്മിലുള്ള അകൽച്ച വർദ്ധിപ്പിച്ചു. ഇത്തരം മത്സരക്രമങ്ങൾ തീരുമാനിക്കുന്നത് സി.ഒ.ഇ തലവനും ക്രിക്കറ്റ് ഓപ്പറേഷൻസ് ടീമുമാണ്. കൂടാതെ, കരാറിലുള്ള പരുക്കേറ്റ താരങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമായ സമയപരിധി നൽകാത്തതും തർക്കങ്ങൾക്കിടയാക്കി. താരങ്ങളുടെ വിശദമായ പരുക്ക് വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള പരസ്പരവിശ്വാസം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് അഗാർക്കർ അവലോകന യോഗത്തിൽ നിന്ന് വിട്ടുനിന്നതും അദ്ദേഹത്തിന്റെ രാജിക്കാര്യം ഉറപ്പായതും.
പുതിയ ചീഫ് സെലക്ടറായി മുൻ താരങ്ങളായ പ്രഗ്യാൻ ഓജ, പാർഥിവ് പട്ടേൽ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. അടുത്ത മാസം 4-ന് കാലാവധി അവസാനിക്കുന്ന അഗാർക്കർ പദവിയിൽ തുടരാൻ താല്പര്യമില്ലെന്ന് ബിസിസിഐയെ അറിയിച്ചതായും വ്യക്തമായിട്ടുണ്ട്.




