Featured The Origin Story

ഇലകളില്ല, അരുണാചലിൽ ‘പ്രേതപ്പൂവ്’ കണ്ടെത്തി ശാസ്ത്രജ്ഞർ! മണ്ണിലെ ഫംഗസ് തിന്ന് ജീവിക്കുന്ന അപൂർവ്വ ഓർക്കിഡ്

അരുണാചൽ പ്രദേശിലെ കീയി പാന്യോർ ജില്ലയിലുള്ള കീയി നദിയോരത്തെ മലയിടുക്കിൽ നിന്ന് അത്യപൂർവ്വമായ ഇലകളില്ലാത്ത ഒരു ഓർക്കിഡ് വർഗ്ഗം ശാസ്ത്രജ്ഞർ കണ്ടെത്തി. ‘ഗോസ്റ്റ് ഫ്ലവർ’ (പ്രേതപ്പൂവ്) എന്ന് ജനപ്രിയമായി വിളിക്കപ്പെടുന്ന ‘ഗ്യാസ്ട്രോഡിയ കീയിൻസിസ്’ (Gastrodia keyiensis) എന്ന ഈ പൂവിന്റെ കണ്ടെത്തൽ സംസ്ഥാനത്തിന്റെ സമ്പന്നമായ സസ്യവൈവിധ്യത്തിന് പുതിയൊരു ഏടായി മാറി.

ഓർക്കിഡ് കുടുംബത്തിൽപ്പെടുന്ന ഈ ചെടി അതിന്റെ വേറിട്ട രൂപഭാവം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. മിക്ക പൂച്ചെടികളിൽ നിന്നും വ്യത്യസ്തമായി ഇത്തരം ഓർക്കിഡുകൾക്ക് പച്ചിലകൾ ഉണ്ടാകാറില്ല. അതിനാൽ ഭക്ഷണത്തിനായി ഇവ മണ്ണിലുള്ള പ്രത്യേകതരം ഫംഗസുകളെയാണ് (കൂണുകൾ) ആശ്രയിക്കുന്നത്. ഈ പ്രത്യേകത കാരണം തന്നെ കാടുകളിൽ ഇവയെ കണ്ടെത്തുക വളരെ പ്രയാസമാണ്.

അരുണാചൽ പ്രദേശിൽ നടത്തിയ സസ്യശാസ്ത്ര പഠനത്തിനിടയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,000 മീറ്റർ ഉയരത്തിലുള്ള പ്രദേശത്താണ് ശാസ്ത്രജ്ഞർ ഈ അപൂർവ്വ ഓർക്കിഡിനെ കണ്ടെത്തിയത്. ഇവിടെ പൂത്തുനിൽക്കുന്ന അഞ്ച് ചെടികൾ മാത്രമാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ഈ വർഗ്ഗത്തിന്റെ അപൂർവ്വതയെയും അവ വളരുന്ന പരിമിതമായ സാഹചര്യങ്ങളെയും ചൂണ്ടിക്കാണിക്കുന്നു.

സെപ്റ്റംബർ 9-ന് അന്താരാഷ്ട്ര ടാക്സോണമിക് ജേണലായ ‘ഫൈറ്റോടാക്സ’യിലാണ് (Phytotaxa) ഈ പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. മധുസൂധൻ ഖനാൽ, ശുവാദിപ് സർക്കാർ, ദീപാങ്കർ ബോറ, നീലം ഗാപ്, സന്തോഷ് കുമാർ റായ്, ദേവേന്ദ്ര കുമാർ എന്നിവരാണ് ഈ പഠനത്തിന് പിന്നിൽ. ജി ബി പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയോൺമെന്റ്, കളിയാബോർ കോളേജ്, സിക്കിം യൂണിവേഴ്സിറ്റി, ബോട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ എന്നീ പ്രമുഖ സ്ഥാപനങ്ങളിലെ ഗവേഷകരാണ് ഇവർ.

അരുണാചൽ പ്രദേശ് ഉപമുഖ്യമന്ത്രി ഈ വിശേഷം തന്റെ എക്സ് (X) ഹാൻഡ്‌ലിലൂടെ പങ്കുവെക്കുകയുണ്ടായി. “അരുണാചൽ പ്രദേശ് അതിന്റെ പ്രകൃതിസമ്പത്തിന്റെ വിസ്മയങ്ങൾ വീണ്ടും വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കീയി പാന്യോർ ജില്ലയിൽ നിന്ന് കണ്ടെത്തിയ ‘ഗ്യാസ്ട്രോഡിയ കീയിൻസിസ്’ എന്ന ഈ അപൂർവ്വ ഓർക്കിഡ് നമ്മുടെ സംസ്ഥാനത്തിന്റെ ജൈവവൈവിധ്യത്തിന് കൂടുതൽ തിളക്കമേകുന്നു. കീയി നദിയോരത്തെ തണൽ നിറഞ്ഞ ഗാഢമായ മലയിടുക്കിൽ കണ്ടെത്തിയ ഈ അപൂർവ്വ ഓർക്കിഡ്, ഇലകളോ ഹരിതകമോ ഇല്ലാതെ മണ്ണിലെ ഫംഗസുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്,” എന്ന് അദ്ദേഹം കുറിച്ചു.

അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ‘ഓർക്കിഡ് പറുദീസ’ എന്ന് വിശേഷിപ്പിച്ച ഉപമുഖ്യമന്ത്രി, ആറുന്നൂറോളം രേഖപ്പെടുത്തപ്പെട്ട ഓർക്കിഡ് വർഗ്ഗങ്ങളുള്ള അരുണാചൽ പ്രദേശ് ശരിക്കും പ്രകൃതിയുടെ ഒരു വിസ്മയമാണെന്നും, കിഴക്കൻ ഹിമാലയത്തിന്റെ ഇത്തരത്തിലുള്ള അസാധാരണമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഓർമ്മിപ്പിച്ചു.