ഗുജറാത്തിലെ അമ്രേലി ജില്ലയിൽ തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ മണിക്കൂറുകൾക്കകം പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. 170-ലധികം സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് 15 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ രാജ്കോട്ട് ജില്ലയിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
അമ്രേലിയിലെ മോട്ടാ അങ്കാഡിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ 25-കാരൻ ലളിത് രൂപസിങ് ഭായ് ജാംറെ ആറുമാസം മുമ്പാണ് കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. തുടർന്ന് ജോലി ലഭിക്കുന്നത് വരെ തങ്ങാൻ ഇടം വേണമെന്ന് ആവശ്യപ്പെട്ട് 10 ദിവസം മുമ്പ് ഇയാൾ വീണ്ടും കുട്ടിയുടെ കുടുംബത്തിന്റെ അടുത്തെത്തി. മധ്യപ്രദേശിൽ നിന്നുള്ള കുടിയേറ്റ കർഷകത്തൊഴിലാളിയായ കുട്ടിയുടെ പിതാവ് രാകേഷ് ബമാനിയ വിശ്വസ്തനായ പരിചയക്കാരനാണെന്ന് കരുതി ഇയാൾക്ക് താമസിക്കാൻ അനുവാദം നൽകുകയായിരുന്നു.
സംഭവം നടന്ന ദിവസം മാതാപിതാക്കൾ പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് മോട്ടോർ സൈക്കിളിന്റെ ശബ്ദം കേൾക്കുന്നത്. രാകേഷിന്റെ ബൈക്കിൽ അഞ്ചുവയസ്സുകാരനായ മകനുമായി ലളിത് ഓടിച്ചുപോകുന്നത് അവർ കണ്ടു. ഏറെ സമയം കഴിഞ്ഞിട്ടും ഇരുവരും തിരിച്ചെത്താതായതോടെ ഗ്രാമത്തിലും സമീപത്തെ പാടങ്ങളിലും രാകേഷ് അന്വേഷണം നടത്തുകയും തുടർന്ന് അമ്രേലി റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഫോൺ ലൊക്കേഷൻ വഴിയുള്ള അന്വേഷണം സാധ്യമല്ലായിരുന്നു. ഇത് പൊലീസിന് വലിയ വെല്ലുവിളിയുയർത്തി. പ്രതിയുടെ പേരും മോഷ്ടിച്ച ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പറും മാത്രം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് അമ്രേലി ലോക്കൽ ക്രൈം ബ്രാഞ്ചിൽ നിന്നും അമ്രേലി റൂറൽ പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള അഞ്ച് പ്രത്യേക സംഘങ്ങളെ ഇതിനായി ഉടൻ നിയോഗിച്ചു. അമ്രേലി, രാജ്കോട്ട് സർവൈലൻസ് വിഭാഗങ്ങളുമായും ഗാന്ധിനഗറിലെ ട്രിനേത്ര സ്റ്റേറ്റ് കൺട്രോൾ റൂമുമായും ബന്ധപ്പെട്ട് ദേശീയ പാതകളിലൂടെയുള്ള മോട്ടോർ സൈക്കിളിന്റെ സഞ്ചാരം പൊലീസ് നിരീക്ഷിച്ചു.
15 മണിക്കൂർ നീണ്ട തീവ്രമായ അന്വേഷണത്തിനിടയിൽ 170-ലധികം സിസിടിവി കേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. രാജ്കോട്ട്-പോർബന്തർ ദേശീയ പാത, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന ഒടുവിൽ പ്രതി രാജ്കോട്ടിലെ ഗോണ്ടാൽ ഭാഗത്തേക്ക് പോയതായി കണ്ടെത്തി.
തുടർന്ന് രാജ്കോട്ടിലെ വീർപൂർ മേഖലയിലെ ലോഡ്ജുകൾ, ഹോട്ടലുകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന വ്യാപിപ്പിച്ചു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് 100 കിലോമീറ്ററിലധികം അകലെ വെച്ച് പൊലീസ് സംഘം ലളിതിനെ വളഞ്ഞ് പിടികൂടുകയായിരുന്നു. അഞ്ചുവയസ്സുകാരനെ യാതൊരുവിധ പരിക്കുകളുമില്ലാതെ സുരക്ഷിതമായി വീണ്ടെടുക്കുകയും ചെയ്തു.
പൊലീസ് സ്റ്റേഷനിൽ വെച്ച് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. മധ്യപ്രദേശിലെ ബർവാനി ജില്ലക്കാരനായ ലളിതിനെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ കൃത്യമായ ലക്ഷ്യം എന്താണെന്ന് കണ്ടെത്താൻ അധികൃതർ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.




