മുൻനിര മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എം.ബി.എ ബിരുദം മികച്ച കോർപ്പറേറ്റ് അവസരങ്ങളിലേക്കുള്ള വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഐ.ഐ.എം കോഴിക്കോട് ബിരുദധാരിയായ ഒരു യുവാവിന് ഈ യോഗ്യത ഉണ്ടായിട്ടും ഒരു ഇന്റർവ്യൂ കോൾ പോലും ലഭിച്ചില്ല. ഡാറ്റാ അനലിറ്റിക്സിൽ മൂന്ന് വർഷത്തെ പരിചയസമ്പത്തുള്ള ഈ ബിരുദധാരി, 250-ലധികം ജോലികൾക്ക് അപേക്ഷിച്ച് മറുപടിയൊന്നും ലഭിക്കാതെ വന്നതോടെയാണ് കരിയർ ഉപദേശങ്ങൾ തേടി റെഡ്ഡിറ്റിൽ എത്തിയത്.
റിക്രൂട്ടർമാർക്ക് നേരിട്ട് ഇമെയിൽ അയച്ചും ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴിയും പുതിയൊരു ജോലി കണ്ടെത്താൻ പല രീതിയിൽ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ കഠിനാധ്വാനം ചെയ്തിട്ടും ഭൂരിഭാഗം അപേക്ഷകളും നിരസിക്കപ്പെടുകയോ മറുപടി ലഭിക്കാതിരിക്കുകയോ ആണ് ഉണ്ടായത്.
“ഞാനൊരു എഞ്ചിനീയറാണ്, ഡാറ്റാ അനലിറ്റിക്സിൽ 3 വർഷം ജോലി ചെയ്ത ശേഷം അടുത്തിടെയാണ് ഐ.ഐ.എം കോഴിക്കോടിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയത്. നിലവിലെ കമ്പനിയിലെ ജോലി ഇഷ്ടമല്ലാത്തതിനാൽ പുതിയൊരു ജോലിക്കായി സാധ്യമായ വഴികളെല്ലാം നോക്കി. റിക്രൂട്ടർമാർക്കും ഹയറിംഗ് മാനേജർമാർക്കും ഇമെയിലുകൾ അയച്ചു, ലിങ്ക്ഡ്ഇൻ, ഐ.ഐ.എം ജോബ്സ് വഴി അപേക്ഷിച്ചു. 250-ലധികം അപേക്ഷകൾ അയച്ചു കഴിഞ്ഞു. എന്നാൽ ഭൂരിഭാഗവും ഉടനടി നിരസിക്കപ്പെട്ടു, ബാക്കിയുള്ളവയ്ക്ക് മറുപടിയൊന്നും ലഭിച്ചതുമില്ല. ഇതുവരെ ഒരൊറ്റ ഫോൺ കോൾ പോലും ലഭിച്ചിട്ടില്ല,” അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
വിവിധ ആപ്ലിക്കന്റ് ട്രാക്കിംഗ് സിസ്റ്റം (എ.ടി.എസ്) ടൂളുകൾ വഴി തന്റെ റെസ്യൂമെ പരിശോധിച്ചെന്നും അതിൽ 75 ശതമാനത്തിന് മുകളിൽ സ്കോർ ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഫോർമാറ്റിംഗിലെയോ കീവേഡുകളിലെയോ പ്രശ്നമല്ല ഇതിന് കാരണം, ഇതാണ് തന്റെ ആശയക്കുഴപ്പം കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പോസ്റ്റ് നിലവിലെ തൊഴിൽ വിപണിയിൽ എം.ബി.എ ബിരുദധാരികളും പരിചയസമ്പന്നരായ പ്രൊഫഷണലുകളും നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നത്. മികച്ച വിദ്യാഭ്യാസ പശ്ചാത്തലവും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ പോലും ഇന്റർവ്യൂ കോളുകൾ ലഭിക്കാൻ പാടുപെടുകയാണെന്ന് പല റെഡ്ഡിറ്റ് ഉപയോക്താക്കളും പങ്കുവെച്ചു.
എട്ട് വർഷത്തിലേറെ പ്രവൃത്തിപരിചയവും ടയർ-1 ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എം.ബി.എയും ഉണ്ടായിട്ടും ഒരു വർഷത്തിലേറെയായി മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുകയാണെന്ന് മറ്റൊരാൾ വെളിപ്പെടുത്തി. നിലവിൽ തൊഴിൽ വിപണി വളരെ മോശമാണെന്നും ജി.പി.ടി-6 പോലുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവ് ഇത് കൂടുതൽ സങ്കീർണ്ണമാക്കുമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഇതിൽ നിങ്ങളെ കുറ്റം പറയാനാകില്ലെന്നും മോശം തൊഴിൽ വിപണിയും എം.ബി.എയ്ക്ക് ശേഷമുള്ള പ്രവൃത്തിപരിചയത്തിന്റെ കുറവുമാണ് കാര്യങ്ങൾ പ്രയാസകരമാക്കുന്നതെന്നും ചിലർ കൂട്ടിച്ചേർത്തു.




