Health

എല്ലാ ‘ഹെർബലും’ അത്ര ഹെല്‍ത്തിയില്ല, അശ്വഗന്ധ ഗമ്മീസ് കഴിച്ച് കരൾ തകർന്നു; യുവതിക്ക് തലച്ചോറിന് ഗുരുതര ക്ഷതം!

മാനസികസമ്മർദ്ദവും ഉറക്കമില്ലായ്മയും കുറയ്ക്കുന്നതിനായി അശ്വഗന്ധ അടങ്ങിയ ‘ഗംമി’ (Gummy) കഴിച്ച 44 കാരിയായ സ്ത്രീക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരികയും തലച്ചോറിന് ക്ഷതമേൽക്കുകയും ചെയ്ത സംഭവം വീണ്ടും ആശങ്കയാകുന്നു.

ഒരു വർഷത്തോളമായി ഈ സപ്ലിമെന്റ് കഴിച്ചിരുന്ന ലോയിസ് കിൻഡർ എന്ന സ്ത്രീ അതീവ ഗുരുതരാവസ്ഥയിലാവുകയും കോമയിലാവുകയും ചെയ്തു. തുടർന്ന് കരൾ പരാജയപ്പെട്ടതിനെ തുടർന്ന് കരൾ മാറ്റിവെക്കുകയായിരുന്നു. ചികിത്സയ്ക്കിടയിലുണ്ടായ സങ്കീർണ്ണതകൾ കാരണമാണ് ഇവർക്ക് തലച്ചോറിന് ക്ഷതമേറ്റത്. ഈ സംഭവം അശ്വഗന്ധ അടങ്ങിയ ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

ആയുർവേദത്തിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഔഷധസസ്യമാണ് അശ്വഗന്ധ. മനഃസമ്മർദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ പരിഹരിക്കാനാണ് ആധുനിക രീതിയിലുള്ള അശ്വഗന്ധ സപ്ലിമെന്റുകൾ ആളുകൾ ഉപയോഗിക്കുന്നത്. ചെറിയ കാലയളവിലേക്ക് (ഏകദേശം മൂന്ന് മാസം വരെ) ഉപയോഗിക്കുന്നത് പലർക്കും സുരക്ഷിതമായി തോന്നാമെങ്കിലും, ഇതിന്റെ ദീർഘകാല ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ പഠനങ്ങൾ ലഭ്യമല്ല. ഛർദ്ദി, വയറിളക്കം, ഉറക്കം തൂങ്ങൽ എന്നിവയാണ് ഇതിന്റെ സാധാരണ പാർശ്വഫലങ്ങൾ.

എന്നാൽ അപൂർവ്വമായി ചിലരിൽ അശ്വഗന്ധയുടെ ഉപയോഗം കരളിലെ കോശങ്ങളെ നശിപ്പിക്കുകയും കടുത്ത കരൾ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. തുടക്കത്തിൽ കണ്ണിലും ചർമ്മത്തിലും മഞ്ഞനിറം, മൂത്രത്തിന് കടും നിറം, ചൊറിച്ചിൽ, ക്ഷീണം, വയറുവേദന എന്നിവയാണ് ലക്ഷണങ്ങളായി കാണപ്പെടുന്നത്. നേരത്തെ തന്നെ കരൾ രോഗമുള്ളവരിൽ ഇത് കൂടുതൽ അപകടസാധ്യത ഉണ്ടാക്കുന്നു. അശ്വഗന്ധ അടങ്ങിയ ഉൽപ്പന്നങ്ങൾ അപൂർവ്വമായി കരൾ പരാജയപ്പെടാൻ കാരണമാകുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ ഹെൽത്ത് റെഗുലേറ്ററായ തെറാപ്യൂട്ടിക് ഗൂഡ്‌സ് അഡ്മിനിസ്‌ട്രേഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘ഹെർബൽ’ അല്ലെങ്കിൽ ‘പ്രകൃതിദത്തം’ എന്ന് പരസ്യം ചെയ്യുന്നതുകൊണ്ട് മാത്രം ഒരു ഉൽപ്പന്നവും പൂർണ്ണമായും പാർശ്വഫലങ്ങളില്ലാത്തതാണെന്ന് കരുതരുത്. മറ്റ് മരുന്നുകൾ കഴിക്കുന്നവരും കരള സംബന്ധമായ രോഗങ്ങളുള്ളവരും ഡോക്ടറുടെ നിർദ്ദേശമില്ലാതെ അശ്വഗന്ധ അടങ്ങിയ സപ്ലിമെന്റുകൾ കഴിക്കരുതെന്നും, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.