ട്രെയിൻ യാത്രയ്ക്കിടെ അധിക തുക ഈടാക്കിയതിന് പകരമായി റെയിൽവേയുടെ ബെഡ്ഷീറ്റുകൾ മോഷ്ഠിച്ച ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ച് മറ്റൊരാൾ ചോദ്യം ചെയ്തതിനെത്തുടർന്ന് ഭർത്താവ് സ്യൂട്ട്കേസ് തുറന്നപ്പോഴാണ് ഒറിജിനൽ കവറുകളിൽ തന്നെ സൂക്ഷിച്ചിരുന്ന റെയിൽവേ ബെഡ്ഷീറ്റുകൾ അതിനുള്ളിൽ കണ്ടത്.
തങ്ങളിൽ നിന്ന് ടി.സി (TC) അധിക തുക ഈടാക്കിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു കുട്ടിയുമായി നിന്ന ആ സ്ത്രീ നൽകിയ വിചിത്രമായ വിശദീകരണം. തങ്ങൾ അത് തിരികെ നൽകുകയാണല്ലോ എന്ന് പറഞ്ഞ് കുറ്റം സമ്മതിക്കാൻ കൂട്ടാക്കാതെ ഇവർ തർക്കിക്കുകയും ചെയ്തു. തുടർന്ന് ഭർത്താവ് സ്യൂട്ട്കേസിൽ നിന്ന് ബെഡ്ഷീറ്റുകൾ പുറത്തെടുത്ത് തിരികെ നൽകി.
കുടുങ്ങിയപ്പോഴും യാതൊരു മടിയുമില്ലാതെ ചിരിച്ചുകൊണ്ട് നിന്ന ഇരുവരും ദൃശ്യങ്ങൾ പകർത്തുന്നത് തടയാനും ശ്രമിച്ചു. ഇത്തരത്തിലുള്ള പ്രവർത്തികൾ ഇനി ആവർത്തിക്കരുതെന്ന് ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ചോദ്യം ചെയ്തയാൾ അവിടെനിന്ന് മടങ്ങിയത്. തവറായ കാര്യത്തിൽ യാതൊരു പശ്ചാത്താപവുമില്ലാതെ സംസാരിക്കുന്ന ദമ്പതികളുടെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.




