Celebrity

‘പുതിയ ഫോണിന്റെ ലോഞ്ചാണ്; തൊലി വെളുത്ത നാലഞ്ചെണ്ണത്തിനെ വേണം’- നീയൊക്കെ എന്ന് നന്നാകും? യുവതിയുടെ ചോദ്യം വൈറല്‍

തൊഴിലിടങ്ങളിലെ വർണ്ണവിവേചനത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ഡിജിറ്റൽ ക്രിയേറ്ററും ആങ്കറുമായ സ്വീറ്റി എബ്രഹാമിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നു. കോഴിക്കോട്ട് നടക്കാനിരിക്കുന്ന പുതിയ ഫോൺ ലോഞ്ച് ഇവന്റിലേക്ക് ‘തൊലി വെളുത്ത’ പെൺകുട്ടികളെ ആവശ്യപ്പെട്ട് തന്നെ സമീപിച്ച കോഓർഡിനേറ്ററുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് സ്വീറ്റി സംസാരിക്കുന്നത്.

പ്രമുഖ നടൻ ആസിഫ് അലി പങ്കെടുക്കുന്ന വലിയ പരിപാടിയാണെന്നും അതുകൊണ്ട് കറുത്ത പെൺകുട്ടികളെ ഒഴിവാക്കി വെളുത്തവരെ മാത്രം വേണമെന്നും ആവശ്യപ്പെട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. രാപ്പകലില്ലാതെ പണിയെടുത്ത് ജീവിക്കാൻ ശ്രമിക്കുന്നവരോട് ഇത്തരം തരംതിരിവ് കാണിക്കുന്നത് എന്തിനാണെന്നും, നിറം കുറഞ്ഞവർ ഉപജീവനത്തിനായി മയക്കുമരുന്ന് കച്ചവടത്തിന് പോകണമെന്നാണോ നിങ്ങൾ കരുതുന്നതെന്നും സ്വീറ്റി വിഡിയോയിലൂടെ തുറന്നടിക്കുന്നു.

കുട്ടിക്കാലം മുതൽ കലാരംഗത്തും സമൂഹത്തിലും അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളെക്കുറിച്ചും അവർ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. സ്കൂളിൽ നന്നായി ഡാൻസ് കളിക്കുന്ന കുഞ്ഞിനോട് നിറം കുറവാണെന്ന കാരണത്താൽ ബാക്കിൽ പോയി നിൽക്കാൻ പറയുമ്പോഴുണ്ടാകുന്ന വേദന ചെറുതല്ല. വിവാഹ വിപണിയിലും മാട്രിമോണിയൽ പരസ്യങ്ങളിലും വെളുപ്പിന് നൽകുന്ന അമിത പ്രാധാന്യത്തെയും അതിനുശേഷം ആളുകൾ നടത്തുന്ന പരിഹാസങ്ങളെയും അവർ രൂക്ഷമായി വിമർശിക്കുന്നു. തൊഴിൽ മേഖലയിൽ പോലും മനുഷ്യരെ സ്കിൻ ടോണിന്റെ പേരിൽ മാറ്റിനിർത്തുന്നത് അപലപനീയമാണ്. അരി വാങ്ങാനും കുടുംബം നോക്കാനും കറുത്ത നിറമുള്ളവർക്കും പണിയെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ബ്രാൻഡുകൾക്കോ അതിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികൾക്കോ ഇല്ലാത്ത നിബന്ധനകളാണ് ഇത്തരം കോഓർഡിനേറ്റർമാർ മുന്നോട്ടുവെക്കുന്നത്.

കറുത്ത നിറമുള്ള ആളുകൾ കൂടി വാങ്ങുന്ന പണം കൊണ്ടാണ് ഇത്തരം വൻകിട കമ്പനികൾ ഇവന്റുകൾ സംഘടിപ്പിക്കുന്നതെന്ന് ഓർക്കണമെന്ന് അവർ ഓർമ്മിപ്പിക്കുന്നു. 2026-ലും ഇത്തരം പഴയ ചിന്താഗതികൾ വച്ചുപുലർത്തുന്നവർ മാറേണ്ടതുണ്ട്. ‘കറുപ്പ് ഒരു കുറവല്ല, വെളുപ്പ് ഒരു കഴിവുമല്ല’ എന്ന് ഓർമ്മിപ്പിക്കുന്ന സ്വീറ്റി, സ്കിൻ ടോൺ എന്നത് ഒരിക്കലും ഒരാളുടെ യോഗ്യതാപട്ടമല്ലെന്ന് തിരിച്ചറിയണമെന്ന സന്ദേശത്തോടെയാണ് തന്റെ വിഡിയോ അവസാനിപ്പിക്കുന്നത്.