ലണ്ടനിൽനിന്ന് ബംഗ്ലദേശിലേക്ക് സർവീസ് നടത്തിയ ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. വിമാനം ആകാശത്തു പറന്നുകൊണ്ടിരിക്കെ രണ്ടുപേർ പരസ്പരം തല്ലുകൂടുന്ന ദൃശ്യങ്ങൾ മറ്റു യാത്രക്കാർ പകർത്തിയത് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
യാത്രയ്ക്കിടയിൽ ഉടലെടുത്ത നിസ്സാര തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് നയിച്ചതെന്ന് ‘ധാക്ക ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ ഒരാളുടെ ഷർട്ട് കീറിപ്പോകുന്നതും വിഡിയോയിൽ കാണാം. തുടർന്ന് മറ്റ് യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ചേർന്നാണ് ഏറെ പ്രയാസപ്പെട്ട് ഇരുവരെയും ശാന്തരാക്കി പിടിച്ചുമാറ്റിയത്.
എന്നാൽ, അടിപിടിക്കുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.




