Crime

MBBS അഡ്മിഷൻ ലഭിച്ചെന്ന് , കള്ളം പൊളിഞ്ഞു; കോളജിലെത്തിയ യുവതി മുങ്ങി, കണ്ടെത്തിയത് എറണാകുളത്തുനിന്ന്

കോട്ടയം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ബന്ധുക്കളോടൊപ്പം എത്തിയ ശേഷം കാണാതായ എറണാകുളം മേത്തല സ്വദേശിയായ 21 കാരിയെ ഒടുവിൽ എറണാകുളത്തു നിന്ന് കണ്ടെത്തി. തനിക്ക് കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം ലഭിച്ചെന്നും തുടർനടപടികൾ പൂർത്തിയായതിനാൽ ഹോസ്റ്റലിൽ പ്രവേശിക്കണമെന്നും യുവതി വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ച ബന്ധുക്കൾക്കൊപ്പം പെൺകുട്ടി മെഡിക്കൽ കോളജ് കാമ്പസിലെത്തിയത്.

വീട്ടുകാരെ പുറത്തു നിർത്തിയ ശേഷം ഹോസ്റ്റലിനുള്ളിലേക്ക് കയറിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. ഏറെ സമയം കാത്തുനിന്നിട്ടും മകൾ തിരിച്ചെത്താതിരുന്നതോടെയാണ് വീട്ടുകാർ തെരച്ചിൽ തുടങ്ങിയത്. തുടർന്ന് അമ്മ റസീന ബീവി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

ഇന്നലെ യുവതി എറണാകുളത്തെ ഒരു എടിഎം കൗണ്ടറിൽ കയറിയതായി വ്യക്തമായതോടെ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കുകയും ആ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. അതേസമയം യുവതിക്ക് എംബിബിഎസ് അഡ്മിഷൻ ലഭിച്ചിരുന്നില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ സ്ഥിരീകരിച്ചു.