കുറച്ചുകാലമായി തികച്ചും വിചിത്രമായ ഭക്ഷണ പരീക്ഷണങ്ങളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഒരു ബന്ധവുമില്ലാത്ത രണ്ട് ഭക്ഷണപദാർത്ഥങ്ങൾ ഒരുമിച്ച് ചേർക്കുക എന്നതാണ് ഇതിന്റെ ശൈലി. ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ വച്ചാണ് ഇത്തരം പരീക്ഷണങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്. ഇംഗ്ലണ്ടിലെ ‘ബോംബെ ഡെലി ബൈ രാഹുൽ പസ്സാൻ’ എന്ന റെസ്റ്റോറന്റാണ് ഇപ്പോൾ ഇത്തരമൊരു പുതിയ വിചിത്ര കോമ്പോയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചിക്കൻ ടിക്കയും ചോക്ലേറ്റും ചേർത്തുള്ള ഒരു വീഡിയോയാണ് ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. “ചിക്കൻ ടിക്കയും ചോക്ലേറ്റും കഴിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഒരു ഇന്ത്യക്കാരനല്ല” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്ലാസിൽ വച്ചിരിക്കുന്ന നന്നായി ചുട്ടുവെച്ച ചിക്കൻ ടിക്ക കഷ്ണങ്ങൾക്ക് മുകളിലേക്ക് കട്ടിയുള്ള ചോക്ലേറ്റ് സിറപ്പ് ഒഴിക്കുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. “ഇതൊരു തമാശയാണെന്ന് പറയൂ”, “ഇത്തരം കാര്യങ്ങൾ കാണുമ്പോൾ താനോസ് ചെയ്തതാണ് ശരിയെന്ന് തോന്നുന്നു”, “ഇത് കഴിക്കുന്നതിലും നല്ലത് ഇന്ത്യക്കാരനല്ലെന്ന് പറയുന്നതാണ്” എന്നിങ്ങനെ രസകരവും പ്രതിഷേധം നിറഞ്ഞതുമായ നിരവധിയേറെ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ചോക്ലേറ്റും ചിക്കൻ ടിക്കയും ചേർത്തുള്ള ഈ വിചിത്ര പരീക്ഷണം നിങ്ങൾ ട്രൈ ചെയ്തു നോക്കാൻ തയ്യാറാണോ?




