Crime

കാമുകനൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ കണ്ടു; മുത്തച്ഛനെ ചപ്പാത്തിപ്പലകയ്ക്ക് അടിച്ചു കൊന്ന് 16കാരിയും കാമുകനും

ഉത്തർപ്രദേശിലെ ഝാൻസി ചിറോണ ഗ്രാമത്തിൽ 76-കാരനായ മുത്തച്ഛനെ പേരക്കുട്ടിയും കാമുകനും ചേർന്ന് ചപ്പാത്തിപ്പലക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞു. സ്വകാര്യനിമിഷങ്ങൾ മുത്തച്ഛൻ കണ്ടതിനെത്തുടർന്നാണ് 16-കാരിയായ പെൺകുട്ടിയും 20-കാരനായ കാമുകനും ചേർന്ന് ഈ ക്രൂരത ചെയ്തത്. സംഭവത്തിൽ പത്താം ക്ലാസുകാരിയായ പെൺകുട്ടിയെയും കാമുകൻ വിശാൽ കുശ്‌വാഹയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പത്തു വർഷം മുൻപ് അമ്മ മരിച്ചതിനെത്തുടർന്ന് പെൺകുട്ടിയെയും സഹോദരിയെയും മുത്തച്ഛനും മുത്തശ്ശിയുമാണ് വളർത്തിയിരുന്നത്. കഴിഞ്ഞ ദിവസം മുത്തശ്ശി ജോലിക്ക് പോയ സമയത്താണ് പെൺകുട്ടി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ അപ്രതീക്ഷിതമായി മുത്തച്ഛൻ ഇവരെ മുറിക്കുള്ളിൽ ഒന്നിച്ചു കാണുകയായിരുന്നു.

കാര്യം പുറത്തറിയാതിരിക്കാൻ വിശാൽ വൃദ്ധന്റെ കഴുത്തു ഞെരിക്കുകയും, പെൺകുട്ടി ചപ്പാത്തിപ്പലക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. തലയിൽ നിന്നുള്ള രൂക്ഷമായ രക്തസ്രാവത്തെ തുടർന്നാണ് വൃദ്ധൻ മരിച്ചത്. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം വീടിന് പിന്നിലെ കിണറ്റിൽ തള്ളുകയായിരുന്നു.

പിറ്റേന്ന് രാവിലെ മൃതദേഹം കണ്ടെത്തിയ നാട്ടുകാരും ബന്ധുക്കളും മദ്യപിച്ച ശേഷം അബദ്ധത്തിൽ കിണറ്റിൽ വീണു മരിച്ചതാണെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. എന്നാൽ സെപ്റ്റംബർ 15-ന് മരണാനന്തര ചടങ്ങുകൾക്ക് ശേഷം വീട് വൃത്തിയാക്കുന്നതിനിടെ പെൺകുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

താനും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പെൺകുട്ടി സമ്മതിച്ചതോടെ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും വിശാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്.