Featured Oddly News

ഇത് തനിക്കിരിക്കട്ടെ ! പഞ്ചായത്ത് ഓഫിസറുടെ മേശപ്പുറത്ത് ‘നായ്ക്കളെ ഇറക്കി’ യുവസേന നേതാവ്- വിഡിയോ

തെരുവുനായ വിഷയത്തിൽ പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെത്തുടർന്ന് വേറിട്ട പ്രതിഷേധവുമായി രാഷ്ട്രീയ നേതാവ്. തെരുവുനായ്ക്കളെ ഓഫിസിനുള്ളിലേക്ക് തുറന്നുവിട്ടാണ് യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ പ്രതിഷേധിച്ചത്.

നാസിക് നിഫാഡ് നഗർ പഞ്ചായത്ത് ഓഫിസിലായിരുന്നു ഈ സംഭവം. തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വിക്രം രന്ധവെയുടെ നേതൃത്വത്തിൽ പ്രദേശവാസികളും പ്രവർത്തകരും ചീഫ് ഓഫിസർ ധീരജ് ഭാമ്രെയുടെ മുറിയിലേക്ക് ഇരച്ചുകയറുകയും, തുടർന്ന് നായ്ക്കളെ ഓഫിസിനുള്ളിലേക്ക് തുറന്നുവിടുകയുമായിരുന്നു.

നിഫാഡിലും സമീപ ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ കൂടിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഭയം കാരണം പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സ്കൂളിൽ പോകുന്ന കുട്ടികളടക്കം തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ് കഴിയുന്നത്. സാധാരണക്കാർ അനുഭവിക്കുന്ന ദുരിതം ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്താനാണ് നായ്ക്കളെ ഓഫിസിലേക്ക് തുറന്നുവിട്ടതെന്നും അവർ വ്യക്തമാക്കി.