Crime Featured

ഭിക്ഷ നല്‍കിയില്ല; യുവതിയെ തള്ളിയിട്ട് മൂക്ക് കടിച്ചുപറിച്ച് മൂക്കുത്തിയുമായി കടന്ന് യാചകൻ

ഭിക്ഷ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയുടെ മൂക്ക് കടിച്ചുപറിച്ച് യാചകൻ. യുവതിയെ കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത അക്രമി, അവരുടെ മൂക്ക് കടിച്ചുപറിക്കുകയും മൂക്കുത്തി കവർന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. യുപിയിലെ മഥുരയിലാണ് നടുക്കുന്ന സംഭവം . മുംബൈ സ്വദേശിയായ 30-കാരിയാണ് ഗുരുതരമായ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ മൂക്കിന് സാരമായി പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്.

നവി മുംബൈയിലെ കോപ്പർ ഖൈറാനെ സെക്ടർ 15 സ്വദേശിയായ മോനിക്ക റെയ്ന കഴിഞ്ഞ ആറുമാസമായി ഗോവർധനിൽ താമസിച്ച് പതിവായി പരിക്രമണം നടത്തിവരികയായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെയാണ് അക്രമി പണം ആവശ്യപ്പെട്ട് ഇവരെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു. പണം നൽകാൻ വിസമ്മതിച്ചതോടെ അക്രമി അസഭ്യം പറയുകയും വഴിയിലുടനീളം പിന്തുടരുകയും ചെയ്യുകയായിരുന്നു.

തുടർന്ന് ഇയാൾ മോനിക്കയെ കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും മൂക്കിൽ ആഴത്തിൽ മുറിവേൽപ്പിച്ച് കടിച്ചുപറിക്കുകയും ചെയ്തു. ഇതിനിടയിൽ മൂക്കുത്തിയും വലിച്ചൂരിയെടുത്താണ് ഇയാൾ കടന്നുകളഞ്ഞത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്തുണ്ടായിരുന്ന മറ്റ് ഭക്തർ ബഹളം വെക്കുകയും, ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 74 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം), സെക്ഷൻ 131 (പെട്ടെന്നുള്ള യാതൊരു പ്രകോപനവുമില്ലാതെയുണ്ടായ ആക്രമണം) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഭ്യമായ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അക്രമിയുടെ ഐഡന്റിറ്റി വ്യക്തമാക്കാനും സംഭവത്തിന്റെ പൂർണ്ണരൂപം കണ്ടെത്താനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

ആക്രമണത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാൾ മാനസികാസ്വസ്ഥതയുള്ള വ്യക്തിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.