Featured Good News

വള്ളിച്ചെരിപ്പിട്ട് സൈക്കിളിലെത്തിയ ഡെലിവറി ബോയ്ക്ക് പുത്തൻ അഡിഡാസ് ഷൂസ് സമ്മാനിച്ച് യുവാവ്; മനസ്സ് നിറച്ച് വീഡിയോ!

ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു യുവാവ് തനിക്ക് ലഭിച്ച പുതിയ ഷൂസ് ഡെലിവറി ബോയ്ക്ക് സമ്മാനമായി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമൻ ശർമ്മ എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിൽ, തന്റെ പുതിയ ഷൂസുകൾ ആവശ്യക്കാരനായ ഡെലിവറി ബോയ്ക്ക് നൽകിയതായി വ്യക്തമാക്കുന്നു.

തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് അമൻ ശർമ്മ താഴെ നിൽക്കുന്ന ഡെലിവറി ബോയിയോട് സംസാരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുതിയ അഡിഡാസ് ഷൂസ് വേണമെന്നുണ്ടോ എന്ന് ചോദിച്ച ശേഷം അമൻ താഴേക്ക് ചെന്ന് അത് കൈമാറുകയായിരുന്നു. മഴയത്ത് നനഞ്ഞ്, റെയിൻകോട്ട് ഇല്ലാതെ ഒരു സൈക്കിളിലാണ് ആ ഡെലിവറി ജീവനക്കാരൻ എത്തിയത്. ചെരിപ്പുകൾ മാത്രം ധരിച്ച് ഈ മഴയത്തും കൃത്യസമയത്ത് സാധനങ്ങൾ എത്തിച്ചുനൽകാൻ കാണിച്ച ആത്മാർത്ഥത കണ്ടാണ് തന്റെ പുതിയ ഷൂസ് നൽകിയതെന്ന് അമൻ വ്യക്തമാക്കി.

വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് അമന്റെ ഈ നല്ല മനസ്സിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഡെലിവറി ബോയിയുടെ മുഖം കാണിക്കാതെ അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ചതിനും ആളുകൾ പ്രശംസയറിയിച്ചു.

“ഒരു വ്യക്തിക്ക് നൽകാനും സ്വീകരിക്കാനും കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് കരുണ,” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “നിങ്ങൾ വളരെ മികച്ച ഒരു കാര്യമാണ് ചെയ്തത്, ഇത്തരത്തിലുള്ള പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രചോദനമാകും,” എന്ന് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു. ഇതിന് സമാനമായി തങ്ങളുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളും നിരവധി പേർ കമന്റ് ബോക്സിൽ പങ്കുവെക്കുന്നുണ്ട്.