Oddly News

നവരാത്രിക്ക് ഗർബ കളിക്കാൻ പാർട്ണറെ വാടകയ്ക്ക് ലഭിക്കും; പായ്ക്കേജ് ആയിരം രൂപ മുതൽ! വൈറലായി വിചിത്ര പോസ്റ്റ്!

ഭക്തിയും സംഗീതവും വർണ്ണാഭമായ വസ്ത്രങ്ങളും ആവേശകരമായ ഗർബ നൃത്തവും നിറഞ്ഞതാണ് നവരാത്രി ആഘോഷങ്ങൾ. എന്നാൽ നൃത്തം ചെയ്യാൻ ഒരു പങ്കാളിയില്ലാതെ വിഷമിക്കുന്നവർക്കായി “വാടകയ്ക്ക് ഗർബ പങ്കാളിയെ നൽകാം” എന്ന വിചിത്രമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

“ഈ നവരാത്രിയിൽ നിങ്ങൾ തനിച്ച് നൃത്തം ചെയ്യേണ്ടി വരില്ല” എന്ന വാഗ്ദാനത്തോടെ ‘റെന്റ് എ ഗർബ പാർട്ണർ’ (Rent A Garba Partner) എന്ന പോസ്റ്റർ ഇൻസ്റ്റാഗ്രാമിലാണ് പ്രചരിക്കുന്നത്. നൃത്ത സെഷനുകളും ഫോട്ടോയെടുക്കലും ഉൾപ്പെടെ വെവ്വേറെ പാക്കേജുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. എന്നാൽ ഇത് ശരിക്കും ഉള്ളതാണോ അതോ വെറുമൊരു തമാശയാണോ എന്ന ആശയക്കുഴപ്പത്തിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

പോസ്റ്ററിൽ 1000 രൂപ മുതൽ 2000 രൂപ വരെയുള്ള മൂന്ന് തരം പാക്കേജുകൾ കാണാം. 1000 രൂപയുടെ ആദ്യ പാക്കേജ് ആയ ‘സിൽവറിൽ’ രണ്ട് മണിക്കൂർ ഗർബ നൃത്തവും, ഒരേപോലെയുള്ള വസ്ത്രധാരണവും, അടിസ്ഥാന നൃത്ത പഠനവും അടങ്ങിയിരിക്കുന്നു. 1500 രൂപയുടെ ‘ഗോൾഡ്’ പാക്കേജ് ആണെങ്കിൽ നാല് മണിക്കൂർ നൃത്തവും സോഷ്യൽ മീഡിയയിൽ ഇടാനുള്ള ഫോട്ടോകളും റീലുകളും എടുത്തു നൽകും. കൂടാതെ സുഹൃത്തുക്കൾക്ക് മുന്നിൽ സംസാരിക്കാനുള്ള ചില തമാശക്കഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും ഉയർന്ന 2000 രൂപയുടെ ‘പ്ലാറ്റിനം’ പാക്കേജിൽ ഒരു ദിവസം മുഴുവൻ കൂടെ നിൽക്കുകയും, വസ്ത്രധാരണത്തിലും ആഭരണങ്ങൾ അണിയുന്നതിലും സഹായിക്കുകയും ചെയ്യും. ഇതിനുപുറമെ വീട്ടിൽ സുരക്ഷിതമായി എത്തിച്ചു നൽകുമെന്നും പോസ്റ്ററിൽ അവകാശപ്പെടുന്നുണ്ട്.

ഈ പോസ്റ്റ് വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേരെത്തി. “100 രൂപയ്ക്ക് ഇതിൽ ഏതെങ്കിലും പാക്കേജ് കിട്ടുമോ?” എന്ന് ചിലർ ചോദിച്ചപ്പോൾ, “ഇത് ശരിക്കും ഉള്ളതാണോ, എനിക്കൊരു പങ്കാളിയെ ആവശ്യമുണ്ട്” എന്ന് മറ്റ് ചിലർ കുറിച്ചു.

എന്നിരുന്നാലും, ഈ പോസ്റ്റർ ഒരു യഥാർത്ഥ സേവനമാണോ അതോ തമാശയ്ക്കായി ആരോ ഉണ്ടാക്കിയതാണോ എന്ന് വ്യക്തമല്ല. എന്തായാലും നവമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.