ചെന്നൈ ∙ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം വച്ച് പരസ്യം നൽകിയത് വൻ വിവാദത്തിലേക്ക്. സംഭവത്തിൽ ബിരിയാണി കടയുടമയായ ജയന്തിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ദൈവത്തിന്റെ ചിത്രത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സെൽവരാജ് എന്നയാൾ നൽകിയ പരാതിയിലാണ് കടയ്ക്ക് മുൻപിൽ ചിത്രം പ്രദർശിപ്പിച്ച ഉടമയ്ക്കെതിരെ പൊലീസ് നടപടിയെടുത്തത്.
വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ വൻ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. തിരുവണ്ണാമലയിൽ 51,000 രുദ്രാക്ഷമണികൾ കൊണ്ടുള്ള ഗണപതി വിഗ്രഹം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനൊപ്പം കോയമ്പത്തൂരിൽ 5 ലക്ഷം രൂപ മൂല്യമുള്ള 500 രൂപ നോട്ടുകൾ കൊണ്ട് നിർമിച്ച വിഗ്രഹത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി. സെപ്റ്റംബർ 19, 20 തീയതികളിലാണ് നിമജ്ജന ഘോഷയാത്രകൾ നിശ്ചയിച്ചിരിക്കുന്നത്.
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയുടെ വിവിധ രൂപങ്ങളിലുള്ള വിനായക വിഗ്രഹങ്ങളും സംസ്ഥാനത്ത് വിവാദത്തിന് വഴിവെച്ചു. ആർ.കെ.നഗറിൽ വിജയിന്റെ ആരാധകൻ സ്ഥാപിച്ച ഇത്തരം വിഗ്രഹങ്ങൾക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.




