The Origin Story

ബഹിരാകാശത്തുമുണ്ടെടാ ഞങ്ങള്‍ക്കു പിടി… വരുന്നത് സ്റ്റാർ വാർസ്! ‘ഓൺ-ഓർബിറ്റ്’ ആയുധം വിന്യസിച്ചതായി അമേരിക്ക ! ചൈനക്കും റഷ്യക്കും മുന്നറിയിപ്പ്

വാഷിങ്‌ടണ്‍: ബഹിരാകാശത്ത് അമേരിക്ക ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് യു.എസ്. സ്പേസ് ഫോഴ്സ്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളിൽനിന്ന് അമേരിക്കൻ താല്പര്യങ്ങളെ സംരക്ഷിക്കാൻ ‘ഓൺ-ഓർബിറ്റ്’ ആയുധങ്ങൾ അത്യന്താപേക്ഷിതമാണെന്ന് യു.എസ്. എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്ക് പ്രസ്താവിച്ചു. പ്രമുഖ എതിരാളികളായ ചൈനയ്ക്കും റഷ്യയ്ക്കുമുള്ള വ്യക്തമായ മുന്നറിയിപ്പായാണ് ലോകം ഈ നീക്കത്തെ കാണുന്നത്.

മേരിലാൻഡിൽ നടന്ന വാർഷിക എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ സംസാരിക്കവെയാണ് മെയിങ്ക് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്ന ആയുധങ്ങളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം, ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെ ചെറുക്കാനും ബഹിരാകാശത്ത് പൂർണ്ണ നിയന്ത്രണം ഉറപ്പാക്കാനും ഇവ ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മിസൈൽ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്ന ‘ഗോൾഡൻ ഡോം’ പദ്ധതിക്കായി ട്രംപ് ഭരണകൂടം ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

ബഹിരാകാശത്തെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1957-ൽ സ്പുട്നിക് വിക്ഷേപിക്കപ്പെട്ടതുമുതൽ ഉപഗ്രഹങ്ങളെ ആയുധമാക്കാനും എതിരാളികളുടെ സന്ദേശങ്ങൾ തടസ്സപ്പെടുത്താനും അമേരിക്കയും റഷ്യയും ശ്രമങ്ങൾ തുടങ്ങിയിരുന്നു. ബഹിരാകാശത്ത് ആണവായുധങ്ങൾ വിന്യസിക്കുന്നത് തടയാനായി 1967-ൽ ആഗോളതലത്തിൽ ‘ഔട്ടർ സ്പേസ് ട്രീറ്റി’ നിലവിൽ വന്നെങ്കിലും, ഈ കരാറിന്റെ പരിധിയിൽ വരാത്ത അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ പ്രധാന രാജ്യങ്ങളെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചു.

നിലവിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ശത്രുക്കളുടെ നിരീക്ഷണ-ആശയവിനിമയ ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യ കൈവരിച്ചിട്ടുണ്ട്. ചൈന തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബഹിരാകാശ ആയുധങ്ങൾ അതിവേഗം വികസിപ്പിക്കുമ്പോൾ, ഭാവി യുദ്ധങ്ങളിൽ ബഹിരാകാശ ആധിപത്യം അനിവാര്യമാണെന്ന നിലപാടിലാണ് റഷ്യ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിലാണ് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയും ബഹിരാകാശത്ത് നേരിട്ട് ആയുധങ്ങൾ വിന്യസിച്ചിരിക്കുന്നത്.