Crime

കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ബാങ്കിൽ നിന്ന് 4 ലക്ഷം കവർന്നു; അരമണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി- വീഡിയോ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിനിമകളെ വെല്ലുന്ന രീതിയിൽ കവർച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ശാഖയിൽ ഇടപാടുകാരനായി എത്തി നാല് ലക്ഷം രൂപ കവർന്ന യുവാവിനെ വെറും മുപ്പത് മിനിറ്റിനുള്ളിൽ പോലീസ് പിടിയിലാക്കി. കവർച്ചയുടെ ദൃശ്യങ്ങളും അതിവേഗത്തിലുള്ള പോലീസ് നടപടിയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ടാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. കാവി കുർത്തയും കറുത്ത പൈജാമയും ധരിച്ച് മുഖം പൂർണമായി മറച്ചെത്തിയ പ്രതി, നേരെ ക്യാഷ് കൗണ്ടറിലേക്ക് നടക്കുകയായിരുന്നു. തുടർന്ന് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച മുളകുപൊടി എടുത്ത് ജീവനക്കാരുടെ കണ്ണിലേക്ക് എറിഞ്ഞു. മുളകുപൊടി കണ്ണ് കലക്കിയതോടെ ജീവനക്കാരുടെ കാഴ്ച മങ്ങുകയും ബാങ്കിനുള്ളിൽ ഭയം പടരുകയും ചെയ്തു. ഈ സമയം കൊണ്ട് കൗണ്ടറിലുണ്ടായിരുന്ന നാല് ലക്ഷം രൂപ കൈക്കലാക്കി ഇയാൾ പുറത്തേക്ക് ഓടി. ജീവനക്കാരും സെക്യൂരിറ്റിയും പിന്തുടരാൻ ശ്രമിച്ചെങ്കിലും തിരക്കുള്ള റോഡിലൂടെ പ്രതി ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ ബാങ്ക് അധികൃതർ പോലീസിനെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് ബാങ്കിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ വേഗത്തിൽ പരിശോധിച്ചു. പ്രതിയുടെ വസ്ത്രധാരണവും ഇയാൾ ഓടിപ്പോയ വഴിയും ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കിയ പോലീസ് നഗരത്തിലുടനീളം തിരച്ചിൽ ഊർജ്ജിതമാക്കി. പ്രധാന ഭാഗങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും പട്രോളിങ് സംഘങ്ങൾക്ക് കൃത്യമായ നിർദ്ദേശം നൽകുകയും ചെയ്തു.

തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ അരമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പോലീസ് പിടികൂടി. ഇയാളിൽ നിന്ന് കവർന്ന തുക മുഴുവനായി വീണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.