Oddly News

ബിവ്റേജ് ഔട്ട്‌ലെറ്റിനെതിരെ പെൺപടയുടെ രോഷം, പോലീസിനെ കല്ലും വടിയുമെടുത്ത് ഓടിച്ച് സ്ത്രീകൾ! വിഡിയോ വൈറൽ

മധ്യപ്രദേശിലെ ശിവപുരിയിൽ മദ്യശാലയ്ക്കെതിരെ നടന്ന വൻ പ്രതിഷേധം ശനിയാഴ്ച അക്രമാസക്തമായി. പൊലീസിനും എക്സൈസ് ഉദ്യോഗസ്ഥർക്കും നേരെ പ്രദേശവാസികൾ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമണം നടത്തി. അമോല ഗ്രാമത്തിലെ സർക്കാർ മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സ്ത്രീകളാണ് സംഘടിച്ചത്.

സമാധാനപരമായി ആരംഭിച്ച പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. പ്രകോപിതരായ ഗ്രാമീണർ ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സ്കൂൾ, ആശുപത്രി, ഹനുമാൻ ക്ഷേത്രം എന്നിവയ്ക്ക് സമീപമാണ് ഈ മദ്യശാല സ്ഥിതി ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ഈ മദ്യശാല പ്രദേശത്ത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്നും, അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും എക്സൈസ് സംഘവും സംഭവസ്ഥലത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രക്ഷോഭകർ പിരിഞ്ഞുപോകാൻ തയ്യാറാകാത്തതിനെ തുടർന്ന് പൊലീസ് നേരിയ തോതിൽ ലാത്തി വീശി. ഇതിൽ രോഷാകുലരായ ചില സ്ത്രീകൾ വടികളെടുത്ത് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇതോടെ സ്വയം രക്ഷപ്പെടാനായി ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെടുന്ന സാഹചര്യമുണ്ടായി.

പൊലീസ് ഉദ്യോഗസ്ഥരെ പ്രക്ഷോഭകർ തുരത്തിയോടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തതായി ഇതുവരെ വ്യക്തമല്ല. മദ്യശാല മാറ്റണമെന്ന ആവശ്യത്തിൽ പ്രദേശവാസികൾ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.