തിരുവനന്തപുരം: “ഞാൻ കൊന്നു കുഞ്ഞമ്മാ… എന്നാണ് അവൾ പറഞ്ഞത്. എനിക്ക് തന്നൂടായിരുന്നോ കുഞ്ഞിനെ, എനിക്ക് മക്കളില്ലല്ലോ, ഞാൻ വളർത്തുമായിരുന്നില്ലേ?” – തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസ്സുള്ള പെൺകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടിൽ കണ്ടത് നെഞ്ചുതകർക്കുന്ന കാഴ്ചകളായിരുന്നു. തന്നോട് ചോദിച്ചിരുന്നെങ്കിൽ കുഞ്ഞിനെ താൻ ഏറ്റെടുത്ത് വളർത്തുമായിരുന്നുവെന്ന് ക്രിസ്റ്റിയുടെ കുഞ്ഞമ്മ കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്ന എന്ന് പേരുള്ള ഒരുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. “എനിക്ക് തന്നുകൂടായിരുന്നോ, ഞാൻ വളർത്തുമായിരുന്നില്ലേ എന്റെ കുഞ്ഞിനെ? എനിക്കിതുവരെ കുട്ടികളില്ല. എന്തിനാണ് അവൾ ഇങ്ങനെ ചെയ്തത്? രണ്ടു മൂന്ന് തവണ വാതിലിൽ തട്ടിയ ശേഷമാണ് തുറന്നത്. കുട്ടി മലർന്നു കിടക്കുകയായിരുന്നു. കഴുത്ത് മുറിഞ്ഞത് ഞാൻ കണ്ടിരുന്നില്ല. ഞാൻ കൊന്നു കുഞ്ഞമ്മാ എന്നാണ് അവൾ പറഞ്ഞത്. ഉടൻ തന്നെ കുഞ്ഞിനെയും എടുത്ത് ഞാൻ പുറത്തേക്ക് ഓടുകയായിരുന്നു,” കുഞ്ഞമ്മ പറഞ്ഞു.
മെഡിക്കൽ റെപ്രസെന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും കുടുംബത്തിലെ രണ്ട് മുത്തശ്ശിമാരും ഒരുമിച്ചാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ ക്രിസ്റ്റിയും ഭർത്താവ് അഭിജിത്തും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണെന്നാണ് ലഭിക്കുന്ന സൂചന. അഭിജിത്തിന് തന്നോട് സംശയമായിരുന്നെന്നും സ്വന്തം വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും ക്രിസ്റ്റി പൊലീസിന് മൊഴി നൽകി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ കുട്ടി നിലത്തു വീണ് പിടയുന്നത് കണ്ട് ഭയന്നുപോയതോടെ അതിന് സാധിച്ചില്ലെന്നും ക്രിസ്റ്റി വ്യക്തമാക്കി. സംഭവദിവസവും ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ കടുത്ത വഴക്കുണ്ടായതായാണ് വിവരം.
കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടയുടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിലെ മുറിയിൽ നിന്ന് ലഭിച്ച കത്തിയും ബ്ലേഡും ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ വധിച്ച ശേഷം താൻ വിഷം കഴിച്ചിരുന്നുവെന്ന് ക്രിസ്റ്റി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനെത്തുടർന്ന് ക്രിസ്റ്റിയെ പൊലീസ് നിരീക്ഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




