Crime

‘ഭീരുവെന്ന് വിളിപ്പിക്കില്ല’: വീണ്ടും വധശിക്ഷ, 4 മാസത്തിനിടെ 23 വധശിക്ഷാ വിധികൾ പുറപ്പെടുവിച്ച് ജഡ്ജി

മാഫിയകളുടെയോ ക്രിമിനലുകളുടെയോ ഭീഷണികൾക്ക് വഴങ്ങി ജോലി ചെയ്ത് “ഭീരുവായ ജഡ്ജി” എന്ന് വിളിപ്പിക്കുന്നതിനേക്കാൾ മരിക്കാനാണ് തനിക്കിഷ്ടമെന്ന് ഉത്തർപ്രദേശിലെ മുസാഫർനഗർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് രവികുമാർ ദിവാകർ വ്യക്തമാക്കി. സ്ത്രീധനത്തിനായി ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയായ അദ്ദേഹത്തിന്റെ പ്രതികരണം. നാല് മാസത്തിനിടെ ഇദ്ദേഹം വിധിക്കുന്ന 23-ാമത്തെ വധശിക്ഷയാണിത്.

ഐപിസി 302, 504 വകുപ്പുകൾ പ്രകാരം പ്രതിയായ നദീമിന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചതായി സർക്കാർ അഭിഭാഷകൻ കുൽദീപ് കുമാർ സ്ഥിരീകരിച്ചു. 2018 ജൂലൈ 23-ന് ഷാപൂർ പട്ടണത്തിൽ വെച്ചാണ് നദീം ഭാര്യ ഷെഹ്സാദിയെ (23) തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് തൊട്ടുമുമ്പ് നൽകിയ മൊഴിയിൽ ഭർത്താവാണ് തന്നെ അപായപ്പെടുത്തിയതെന്ന് ഷെഹ്സാദി വ്യക്തമാക്കിയിരുന്നു.

വിചാരണ വേളയിൽ പ്രോസിക്യൂഷന്റെ 11 സാക്ഷികളും സ്വാധീനിക്കപ്പെട്ട് മൊഴി മാറ്റിയെങ്കിലും ഇരയുടെ മരണമൊഴി കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം “ഏറ്റവും ക്രൂരവും നിഷ്ഠൂരവുമാണെന്നും” ഇത് “അപൂർവങ്ങളിൽ അപൂർവമായ” കേസായതിനാൽ വധശിക്ഷ അർഹിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. തുടർച്ചയായ ഭീഷണികൾ നേരിടുന്നുണ്ടെന്നും സ്വാധീനമുള്ള ക്രിമിനലുകളെ സഹായിക്കാനായി തന്റെ കോടതിയിൽ നിന്ന് നൂറോളം ഗുരുതര കേസുകൾ മാറ്റിയതായും ചൂണ്ടിക്കാണിച്ച ജഡ്ജി, ജുഡീഷ്യൽ കസേരയിലിരിക്കുമ്പോൾ നീതിയുക്തമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം തനിക്കാണെന്ന് വിധിന്യായത്തിൽ ഉറപ്പിച്ചു പറഞ്ഞു.