Oddly News

പെൺകുട്ടികളുടെ പിജിയിൽ മുറിയില്‍ CCTV വച്ച് ഉടമ; ചോദിച്ചപ്പോൾ ‘മാന്യമായി വസ്ത്രം ധരിക്കാൻ’ ഉപദേശം!

മുംബൈയിലെ പെൺകുട്ടികളുടെ പേയിംഗ് ഗെസ്റ്റ് കേന്ദ്രത്തിൽ, അനുവാദം വാങ്ങാതെ ഉടമ സ്വീകരണമുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതായി പരാതി. താമസക്കാരുടെ സ്വകാര്യതയെയും സുരക്ഷയെയും ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്. ‘OkVehicle2991’ എന്ന റെഡ്ഡിറ്റ് യൂസർ പേജിലൂടെയാണ് ഒരു താമസക്കാരി ഈ അനുഭവം പങ്കുവെച്ചത്. ഏഴ് പെൺകുട്ടികൾ താമസിക്കുന്ന ഒരു 3BHK ഫ്ലാറ്റിലാണ് സംഭവം നടന്നത്.

രാവിലെ വാതിലിൽ മുട്ടിയ ഉടമ, സ്വീകരണമുറിയിൽ സിസിടിവി സ്ഥാപിച്ച കാര്യം പെൺകുട്ടികളെ അറിയിക്കുകയായിരുന്നു. വെറുതെ വിവരം അറിയിക്കുന്നത് എങ്ങനെ സമ്മതമാകുമെന്നാണ് പോസ്റ്റിൽ പെൺകുട്ടി ചോദിക്കുന്നത്. പോലീസിന്റെ നിർദ്ദേശപ്രകാരമാണ് സിസിടിവി വച്ചതെന്നാണ് ഉടമ നൽകിയ വിശദീകരണം. എന്നാൽ വീടിന് വെളിയിൽ ക്യാമറ സ്ഥാപിക്കാമെന്ന പെൺകുട്ടികളുടെ നിർദ്ദേശം ഉടമ നിരസിക്കുകയായിരുന്നു.

ക്യാമറ സ്ഥാപിച്ചതിന് ശേഷം, സ്വീകരണമുറിയിൽ എത്തുമ്പോൾ പെൺകുട്ടികൾ മാന്യമായി വസ്ത്രം ധരിക്കണം എന്നും ഉടമ ആവശ്യപ്പെട്ടതായി പോസ്റ്റിൽ പറയുന്നു. മുറികളിൽ പഠിക്കാൻ മേശകളില്ലാത്തതിനാൽ പെൺകുട്ടികൾ ഭക്ഷണം കഴിക്കുന്നതും പഠിക്കുന്നതുമെല്ലാം ഈ സ്വീകരണമുറിയിലിരുന്നാണ്. അനാവശ്യമായി ആളുകളെ കയറ്റുന്നത് തടയാനും സാധനങ്ങൾ കാണാതെ പോകുന്നത് അന്വേഷിക്കാനുമാണ് ക്യാമറ വച്ചതെന്നാണ് ഉടമയുടെ വാദം.

എന്നാൽ അയൽക്കാരുടെ അനുമതിയോടെ ഫ്ലാറ്റിന് പുറത്ത് ക്യാമറ വച്ചാൽ തീരുന്ന പ്രശ്നമേ ഇതിലുള്ളൂ എന്നും, സ്വന്തമായി പണം നൽകി താമസിക്കുന്നയിടത്ത് സ്വകാര്യത നിഷേധിക്കുന്നത് ശരിയല്ലെന്നും പെൺകുട്ടി ചൂണ്ടിക്കാട്ടുന്നു. പഠനത്തിനായും ജോലിക്കായുമൊക്കെ മാറിനിൽക്കുന്ന യുവതികൾ ഇത്തരം നിയന്ത്രണങ്ങൾ സഹിക്കണമെന്നാണോ കരുതുന്നതെന്നും കുറിപ്പിൽ ചോദ്യമുയർത്തുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകൾ രംഗത്തെത്തി. അനുവാദമില്ലാതെ വീടിനുള്ളിൽ ക്യാമറ വയ്ക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ ഈ പോസ്റ്റിന്റെ നിജസ്ഥിതിയും ഇതിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല.