Featured Oddly News

റീൽസിനായി ഒരു സ്‌കൂട്ടറിൽ 5 പേരുടെ അഭ്യാസ പ്രകടനം! കേസെടുത്തതിന് പിന്നാലെ മാപ്പപേക്ഷിച്ച് യുവാവ്

ഛത്രപതി സംഭാജിനഗറിൽ തിരക്കേറിയ റോഡിൽ അഞ്ച് പേർ ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് കേസെടുത്തു. അദ്നാൻ പത്താൻ എന്ന യുവാവിനെതിരെയാണ് അതിവേഗത്തിലും അപകടകരമായും വാഹനമോടിച്ചതിന് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.

സെപ്റ്റംബർ 1-ന് ഉച്ചയ്ക്ക് പഞ്ചക്കി-ഔറംഗപൂറ റോഡിലായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ മഹാശങ്ക് നാമദേവറാവു ദണ്ഡഗെയുടെ പരാതിയെ തുടർന്ന് സെപ്റ്റംബർ 4-നാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (BNS), മോട്ടോർ വാഹന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം റീലിനായി നിർമ്മിച്ച വീഡിയോയിൽ അഞ്ച് പേർ ഒരു സ്കൂട്ടറിൽ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിൽ ഒരാളെ സ്കൂട്ടറിലിരിക്കുന്ന മറ്റു നാലുപേർ ചേർന്ന് വായുവിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നത് കാണാം. തിരക്കേറിയ റോഡിലൂടെ ഹെൽമെറ്റ് ധരിക്കാതെയാണ് യുവാവ് വാഹനമോടിച്ചത്. ട്രാഫിക് നിയമങ്ങളുടെ ലംഘനത്തിന് പുറമെ മറ്റു യാത്രക്കാരുടെയും കാൽനടക്കാരുടെയും ജീവന് ഭീഷണിയാകുന്ന രീതിയിലായിരുന്നു ഇവരുടെ സാഹസിക പ്രകടനം. സോഷ്യൽ മീഡിയ കണ്ടന്റിനായി യുവാക്കൾ സ്വന്തം ജീവനും റോഡ് സുരക്ഷയും പണയം വെക്കുന്നതിന്റെ ഉദാഹരണമായി ഈ സംഭവം വീണ്ടും ആശങ്ക ഉയർത്തുന്നു.

സംഭവം വിവാദമായതോടെ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുന്ന യുവാവിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നു. തങ്ങൾ കൈകൂപ്പി മാപ്പ് അപേക്ഷിക്കുന്നുവെന്നും ഒരു സ്കൂട്ടറിൽ അഞ്ച് പേർ കയറി ഇൻസ്റ്റാഗ്രാമിനായി റീൽസ് ചെയ്തത് വലിയ തെറ്റായിരുന്നുവെന്നും അതിനുള്ള ശിക്ഷ ലഭിച്ചുവെന്നും യുവാവ് പറയുന്നുണ്ട്. ഇത്തരം പ്രവർത്തികൾ സ്വന്തം ജീവന് മാത്രമല്ല, പൊതുജനങ്ങളുടെ ജീവനും ഭീഷണിയാണെന്ന് ഇയാൾ സമ്മതിക്കുന്നു. ഇനിമേൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും, ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യില്ലെന്നും, നിർബന്ധമായും ഹെൽമെറ്റ് ധരിക്കുമെന്നും ഉറപ്പുനൽകിയ യുവാവ് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു.