മറ്റൊരു യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഏഴുമാസം ഗർഭിണിയായ പത്തൊൻപതുകാരി കാമുകിയെ കാട്ടിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് ദാരുണമായ സംഭവം . അർക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ ബറുഹാതു സ്വദേശിയായ സിനിത സാറുകാട് (19) ആണ് കൊല്ലപ്പെട്ടത്.
കേസിൽ പെൺകുട്ടിയുടെ പങ്കാളി സാഗർ ഒഡേയ (20) എന്ന യുവാവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഞായറാഴ്ച മുർഹു പോലീസ് സ്റ്റേഷൻ പരിധിയിലെ പങ്കുര ഗ്രാമത്തിനടുത്തുള്ള കാട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം പോലീസിന് ലഭിച്ചത്.
കഴിഞ്ഞ രണ്ടര വർഷത്തോളമായി സിനിതയും സാഗർ ഒഡേയയും പ്രണയത്തിലായിരുന്നുവെന്ന് ഖുന്തി എസ്.ഡി.പി.ഒ മംഗൾ സിങ് ജാമുഡ അറിയിച്ചു. ഗർഭിണിയായതോടെ തന്നെ വിവാഹം കഴിക്കണമെന്ന് സിനിത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനിടെ രണ്ടു മാസം മുൻപ് സാഗർ മറ്റൊരു യുവതിയെ സ്വന്തം വീട്ടിലെത്തിച്ച് കൂടെ താമസിപ്പിച്ചു തുടങ്ങി. ഇതോടെ സിനിതയെ ഒഴിവാക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ നാലിന് യുവതിയെ തന്ത്രപൂർവം കാട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
കൃത്യത്തിന് ഉപയോഗിച്ച ആയുധം സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ മുർഹു പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.




