സോഷ്യൽ മീഡിയയിൽ തരംഗമാകാൻ വേണ്ടിയെടുത്ത വിഡിയോ ഒടുവിൽ അപകടത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള പഹുജ് അണക്കെട്ടിലേക്ക് 30 അടി ഉയരത്തിൽ നിന്ന് ചാടിയ 32-കാരനായ പുഷ്പേന്ദ്ര കുമാർ മനോറിയ എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി.
ഞായറാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പമാണ് പുഷ്പേന്ദ്ര അണക്കെട്ടിന് സമീപമെത്തിയത്. സുരക്ഷാവേലി മറികടന്ന് വെള്ളത്തിലേക്ക് ചാടാൻ ശ്രമിക്കുമ്പോൾ സുഹൃത്തുക്കൾ ഇയാളുടെ വിഡിയോ ചിത്രീകരിക്കുകയായിരുന്നു. വിഡിയോയിൽ ഇയാൾ വേലി കയറി നിൽക്കുമ്പോൾ “ദൈവം നിന്റെ ആത്മാവിനെ രക്ഷിക്കട്ടെ” എന്ന് ഒരു സുഹൃത്ത് തമാശയായി പറയുന്നത് കേൾക്കാം. എന്നാൽ വെള്ളത്തിൽ മുങ്ങിക്കിടന്ന പാറക്കെട്ടിലേക്കാണ് പുഷ്പേന്ദ്ര ചെന്നു പതിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ ഇയാളുടെ രണ്ടു കാലുകളും ഒടിഞ്ഞു.
പരിക്കിന്റെ ആഘാതത്തിൽ എഴുന്നേറ്റു നിൽക്കാൻ കഴിയാതെ വെള്ളത്തിൽ മുങ്ങിത്തപ്പിയ ഇയാൾ കൈകൾ മാത്രം ഉപയോഗിച്ച് കരയിലേക്ക് നീന്തിയെത്താൻ ശ്രമിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു റോഡിൽ പിടിച്ച് കരയ്ക്കടുത്തേക്ക് വരികയും, നാട്ടുകാർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ഒരു കാലിൽ ശസ്ത്രക്രിയ നടത്തുകയും റോഡുകൾ ഇടുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ കാലിലും ശസ്ത്രക്രിയ ആവശ്യമാണ്.
സോഷ്യൽ മീഡിയയിലെ കാഴ്ചക്കാരെ കൂട്ടാൻ ജീവൻ പണയംവെച്ച് അപകടകരമായ അഭ്യാസങ്ങൾ കാണിക്കുന്ന പ്രവണതയ്ക്കെതിരെ ഈ സംഭവം വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്. യുവാവിനെ തടയുന്നതിന് പകരം വിഡിയോ പകർത്തിയ സുഹൃത്തുക്കളുടെ നിലപാടിനെതിരെയും ഇന്റർനെറ്റിൽ വലിയ വിമർശനം ഉയരുന്നുണ്ട്.




