ഇന്ത്യയിലെ ജപ്പാൻ അംബാസഡറായ ഒനോ കെയ്ച്ചി തന്റെ വാരാന്ത്യം ഋഷികേശിലാണ് ചെലവഴിച്ചത്. ഗംഗാനദിയുടെ തീരത്തുനിന്നുള്ള തന്റെ ആത്മീയ അനുഭവത്തിന്റെ ഓർമ്മകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ജന്മാഷ്ടമി ദിനത്തില് വിശുദ്ധ നദിയിൽ മുങ്ങി നിവരുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച അദ്ദേഹം, ഗംഗയിൽ മൂന്ന് തവണ പൂർണ്ണമായി മുങ്ങി നിവർന്നതായി വ്യക്തമാക്കി.
തന്റെ സന്ദർശനത്തിലെ വിവിധ നിമിഷങ്ങൾ ഈ പോസ്റ്റിൽ കാണാം. ഒരു വീഡിയോയിൽ അദ്ദേഹം ദീപം കൊളുത്തുന്നത് കാണാം. ഗംഗാജലത്തിൽ പുഞ്ചിരിയോടെ നിൽക്കുന്നതും കൈകൂപ്പി പ്രാർത്ഥിക്കുന്നതുമാണ് മറ്റു ചിത്രങ്ങളിൽ ഉള്ളത്. ജന്മാഷ്ടമി ദിനങ്ങളിലെ ഈ അനുഭവം ഏറെ സവിശേഷമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. നൂറ്റാണ്ടുകളായി തുടരുന്ന വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ആളുകളാൽ ചുറ്റപ്പെട്ടപ്പോൾ ആഴത്തിലുള്ള ഒരു ആത്മീയ ബന്ധം അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. “ഭയഭക്തിയും വിനയവും കൃതജ്ഞതയും” നിറഞ്ഞതായിരുന്നു ഈ അനുഭവമെന്നും, ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിതെന്നും അദ്ദേഹം കുറിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇന്ത്യൻ ആചാരങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയും ബഹുമാനത്തെയും പലരും പുകഴ്ത്തി. പ്രദേശവാസികൾ നൽകുന്ന ഒരു കപ്പ് ഹിമാലയൻ ചായ കൂടി കുടിച്ചാൽ മാത്രമേ ഈ സന്ദർശനം പൂർത്തിയാകൂ എന്ന് ഒരാൾ തമാശയായി കുറിച്ചു. ഇത് വളരെ നല്ലൊരു അനുഭവമാണെന്ന് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു.
ഋഷികേശിലെ സാഹസിക വിനോദങ്ങളിൽ ഒന്നായ റിവർ റാഫ്റ്റിംഗ് ശ്രമിച്ചുനോക്കാൻ മറ്റൊരാൾ അദ്ദേഹത്തെ ക്ഷണിച്ചു. മൂന്ന് തവണ നദിയിൽ മുങ്ങിയ അംബാസഡറുടെ ധൈര്യത്തെ ജാപ്പനീസ് ഭാഷയിലുള്ള ഒരു കമന്റിൽ അഭിനന്ദിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ചും ചിലർ സംസാരിച്ചു. ഇന്ത്യയുടെ സാംസ്കാരിക അംബാസഡറായി അദ്ദേഹം എപ്പോഴും നിലകൊള്ളട്ടെ എന്ന് ഒരു ഉപയോക്താവ് ആശംസിച്ചു. സൂര്യാരാധന, നദികൾ, കാറ്റ്, ഭൂമിദേവി എന്നിവയിലുള്ള വിശ്വാസം തുടങ്ങിയ കാര്യങ്ങളിൽ ഇരുരാജ്യങ്ങളുടെയും സംസ്കാരങ്ങൾ തമ്മിലുള്ള സാമ്യത്തെക്കുറിച്ച് മറ്റൊരാളും കുറിച്ചു.




