Sports

കളി ജയിക്കും മുൻപേ ആഘോഷ പ്രാക്ടീസ്; ഇന്ത്യയോട് എട്ടുനിലയിൽ പൊട്ടി, പാക്കിസ്ഥാൻ താരങ്ങളെ ട്രോളി സോഷ്യൽ മീഡിയ! വീഡിയോ

വനിതാ ടി20 ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ, അവരുടെ മുൻകൂട്ടിയുള്ള വിജയാഘോഷ പരിശീലനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശനിയാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുന്നോടിയായി, ഇന്ത്യയെ തോൽപ്പിച്ചാൽ എങ്ങനെ ആഘോഷിക്കണമെന്ന് ക്യാപ്റ്റൻ ഫാത്തിമ സന സഹതാരങ്ങൾക്ക് പരിശീലനം നൽകുന്നതാണ് വീഡിയോയിലുള്ളത്. മത്സരഫലം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് ടീമിനെതിരെ ഉയർന്നുവരുന്നത്.

ആഘോഷങ്ങൾ പരിശീലിക്കുന്നതിന് പകരം ബാറ്റിംഗ് പരിശീലിച്ചിരുന്നെങ്കിൽ ടീം 55 റൺസിന് ഓൾഔട്ടാകില്ലായിരുന്നുവെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കളിക്കളത്തിലിറങ്ങുന്നതിന് മുൻപ് ഡാൻസും ആഘോഷങ്ങളും പരിശീലിച്ചവർ പിച്ചിലെത്തിയപ്പോൾ പൂർണ്ണമായും തകരുകയാണുണ്ടായതെന്നും, അതിരുകടന്ന ആത്മവിശ്വാസത്തിന്റെ ഉദാഹരണമാണിതെന്നും ആരാധകർ പരിഹസിച്ചു. സോഷ്യൽ മീഡിയയിൽ മാത്രമാണ് ഇവർ എപ്പോഴും ജയിക്കുന്നതെന്നും, സങ്കടപ്പെടുന്നത് എങ്ങനെയാണെന്നാണ് ഇനി ഇവർ പരിശീലിക്കേണ്ടതെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ 18.1 ഓവറിൽ വെറും 55 റൺസിന് പുറത്താവുകയായിരുന്നു. വനിതാ ടി20 ക്രിക്കറ്റിൽ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ശ്രീ ചരണിയും പ്രേമ റാവത്തും രണ്ട് വിക്കറ്റെടുത്ത ദീപ്തി ശർമ്മയും ചേർന്നാണ് പാകിസ്ഥാൻ ബാറ്റിംഗ് നിരയെ തകർത്തത്. തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്ത് 7 വിക്കറ്റിന്റെ മികച്ച വിജയം നേടി. ഹർമൻപ്രീത് കൗർ 18 റൺസോടെ പുറത്താകാതെ നിന്നു. തോൽവിയോടെ വനിതാ ടി20യിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ തകർപ്പൻ റെക്കോർഡ് കൂടുതൽ ശക്തമായി.