Healthy Food

ചൈനീസ് കുടുംബം വിളമ്പുന്ന പ്യുവർ വെജ് ‘ചൈനീസ് ഫുഡ്’; ബെംഗളൂരുവിലെ ഈ ഫോർച്യൂൺ കിച്ചൺ മിസ്സ് ചെയ്യരുത്!

ചൈനീസ് ഭക്ഷണം ഇഷ്ടപ്പെടുന്ന സസ്യാഹാരികൾക്കായി ബെംഗളൂരു കോരമംഗലയിൽ ഒരു പ്രത്യേക റെസ്റ്റോറന്റുമുണ്ട്. ‘ഫോർച്യൂൺ ചൈനീസ് വെജിറ്റേറിയൻ കിച്ചൺ’ പൂർണ്ണമായും സസ്യഭക്ഷണങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള യഥാർത്ഥ ചൈനീസ് രുചികളാണ് നൽകുന്നത്. 2006 മുതൽ പ്രവർത്തിക്കുന്ന ഈ റെസ്റ്റോറന്റ് ചൈനീസ് പാരമ്പര്യമുള്ള ഒരു കുടുംബമാണ് നടത്തുന്നത്. ചൈനയിലെ മേഷൗവിൽ നിന്ന് എത്തിയ മുത്തശ്ശന്റെ പാചക പാരമ്പര്യം തുടർന്നുകൊണ്ട് ജെന്നി ചെങ്ങും മകൻ വില്യമും ചേർന്നാണ് ഇത് സ്ഥാപിച്ചത്. മുൻപ് ‘ലുവോ ഹാൻ’ എന്ന പേരിൽ എച്ച്.എസ്.ആർ ലേഔട്ടിൽ പ്രവർത്തിച്ചിരുന്ന ഇവിടം ശേഷമാണ് നിലവിലെ പേരിലേക്ക് മാറ്റിയത്.

കുടുംബം ബുദ്ധമതവിശ്വാസികളായതിനാലാണ് പൂർണ്ണമായും സസ്യഭക്ഷണം മാത്രം നൽകുന്നതെന്ന് അടുത്തിടെ ഈ റെസ്റ്റോറന്റിനെക്കുറിച്ച് പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം പേജ് വ്യക്തമാക്കുന്നു. വളരെ ലളിതമായ അന്തരീക്ഷമുള്ള ഇവിടെ ആകെയുള്ളത് നാല് മേശകൾ മാത്രമാണ്. ഓർഡർ അനുസരിച്ച് മാത്രം ഭക്ഷണം പാകം ചെയ്യുന്നതിനാൽ ഭക്ഷണം ലഭിക്കാൻ അല്പം സമയമെടുക്കും.

ഈ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് സന്തോഷം പങ്കുവെച്ചത്. മുൻപ് ഇവിടെ സന്ദർശിച്ചവർ തങ്ങളുടെ ഓർമ്മകളും ഭക്ഷണത്തിന്റെ മികച്ച രുചിയെക്കുറിച്ചും അഭിപ്രായങ്ങൾ കുറിച്ചു. മാംസം കഴിക്കാത്തവർക്ക് ഇതൊരു മികച്ച കേന്ദ്രമാണെന്ന് പലരും അഭിപ്രായപ്പെട്ടു.

സ്റ്റീംഡ് വോൺടോൺസ്, ചില്ലി ഗാർലിക് ഫ്ലാറ്റ് നൂഡിൽസ്, വെജിറ്റബിൾ മിനി സ്പ്രിംഗ് റോൾസ്, മാപ്പോ ടോഫു, ചില്ലി ഗാർലിക് ഫ്രൈഡ് റൈസ് എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. ചൊവ്വാഴ്ചകളിൽ അവധിയുള്ള ഈ റെസ്റ്റോറന്റ് രാവിലെ 11 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. രണ്ടുപേർക്ക് ഭക്ഷണം കഴിക്കാൻ ഏകദേശം 600 രൂപ മാത്രമാണ് ചെലവ് വരുന്നത്.