ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെറ (Hera) എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപിതയും സി.ഇ.ഒ.യുമായ ജെനി ലീയും ഇന്ത്യൻ വംശജനായ സാഗർ ജാജൂവും തമ്മിലുള്ള വിവാഹം ജയ്പൂരിൽ വെച്ച് ആഡംബരപൂർവ്വം നടന്നു. പാശ്ചാത്യ, ഇന്ത്യൻ ആചാരങ്ങൾ കോർത്തിണക്കി ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങളോടെയായിരുന്നു വിവാഹം. ചടങ്ങുകൾക്കായി ദമ്പതികൾ ഐ.ടി.സി മെമന്റോസ് ജയ്പൂർ (ITC Mementos Jaipur) പൂർണ്ണമായും ബുക്ക് ചെയ്തിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഈ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ അതിഥികൾ എല്ലാവരും ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇവിടെത്തന്നെയാണ് തങ്ങിയത്.
2025 ഒക്ടോബറിലായിരുന്നു വിവാഹമെങ്കിലും, ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒക്ടോബർ 23-ന് സ്വാഗത വിരുന്നോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. തുടർന്ന് വെസ്റ്റേൺ ശൈലിയിലുള്ള വിവാഹച്ചടങ്ങും ഗാർഡൻ പാർട്ടിയും നടന്നു. അന്നേദിവസം വൈകുന്നേരം ഭക്ഷണം, നൃത്തം എന്നിവയോടെ പരമ്പരാഗത ഇന്ത്യൻ സംഗീത് ചടങ്ങുകളും നടന്നു.
സംഗീത് രാത്രിയിൽ ദക്ഷിണ കൊറിയൻ ഗായികയും റാപ്പറുമായ ജെന്നിയുടെ ‘ലൈക് ജെന്നി’ (Like Jennie) എന്ന ഗാനത്തിന് ജെനി ലീ നൃത്തം ചെയ്തു. ഇതിന്റെ വീഡിയോ വെഡ്ഡിംഗ് പ്ലാനർമാരായ പൽക്കൻ ബദ്‌ലാനി വെഡ്ഡിംഗ്സ് & ഇവന്റ്സ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. റെഡ് ലെഹംഗ, സിൽവർ ലെഹംഗ, മിനി ഡ്രസ്സ് എന്നിങ്ങനെ വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞ് മൂന്ന് വ്യത്യസ്ത സമയങ്ങളിൽ ലീ നൃത്തം ചെയ്യുന്നത് ഈ വീഡിയോയിൽ കാണാം.
അടുത്ത ദിവസം ബരാത്, പരമ്പരാഗത ഫേരാസ് (വിവാഹ ചടങ്ങുകൾ), ഉച്ചഭക്ഷണം, കോക്ടെയിൽ സമയം, വെസ്റ്റേൺ ശൈലിയിലുള്ള ബ്ലാക്ക്-ടൈ റിസപ്ഷൻ എന്നിവ നടന്നു. ഒക്ടോബർ 25-ന് പുലർച്ചെ വരെ നീണ്ടുനിന്ന ആഫ്റ്റർ പാർട്ടിയോടെ ആഘോഷങ്ങൾ അവസാനിച്ചു.
ആരാണ് ജെനി ലീ?
പ്രായമായ മാതാപിതാക്കളുടെ പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുടുംബങ്ങളെ സഹായിക്കുന്ന ന്യൂയോർക്കിലെ ഹെറ എന്ന ഹെൽത്ത്‌കെയർ സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപിതയും സി.ഇ.ഒ.യുമാണ് ജെനി ലീ. അപ്പോയിന്റ്‌മെന്റുകൾ, ഇൻഷുറൻസ്, ചികിത്സാരീതികൾ എന്നിവ കൈകാര്യം ചെയ്യാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹെറ കുടുംബങ്ങളെ സഹായിക്കുന്നു.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്‌ലിയിൽ നിന്നും ബെർക്ക്‌ലി ഹാസിൽ നിന്നുമാണ് ലീ കമ്പ്യൂട്ടർ സയൻസും ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിച്ചത്. ഹെറ ആരംഭിക്കുന്നതിന് മുൻപ് അവർ ഡ്രോപ്പ്ബോക്സിൽ (Dropbox) പ്രൊഡക്റ്റ് മാനേജരായും ഹെഡ്‌വേ (Headway) എന്ന ഹെൽത്ത്‌കെയർ സ്റ്റാർട്ടപ്പിൽ പ്രൊഡക്റ്റ് മാനേജരായും ജോലി ചെയ്തിട്ടുണ്ട്. ഗൂഗിളിൽ സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് ഇന്റേൺ ആയും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ മുത്തശ്ശിയുടെ സ്മരണാർത്ഥം നടന്ന ചടങ്ങിൽ വെച്ചാണ് ഇത്തരമൊരു കമ്പനി തുടങ്ങാനുള്ള ആശയം ലീക്ക് ലഭിക്കുന്നത്.
ആരാണ് സാഗർ ജാജൂ?
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക-ആരോഗ്യ സംരംഭകനാണ് സാഗർ ജാജൂ. ഇൻഷുറൻസ് അനുമതികളും മറ്റ് പരിശോധനകളും എളുപ്പമാക്കാൻ ആരോഗ്യപരിപാലന രംഗത്തുള്ളവരെ സഹായിക്കുന്ന സിൽന ഹെൽത്ത് (Silna Health) എന്ന കമ്പനിയുടെ സഹസ്ഥാപിതനും സി.ഒ.ഒ.യുമാണ് അദ്ദേഹം.
യു.സി ബെർക്ക്‌ലിയിൽ നിന്ന് ബിരുദം നേടിയ സാഗർ ജാജൂ, മുൻപ് ട്രൂവർക്ക് (Truework), ബ്ലെൻഡ് (Blend) എന്നീ കമ്പനികളിൽ പ്രൊഡക്റ്റ് മാനേജരായി ജോലി ചെയ്തിട്ടുണ്ട്.




