മൊഹാലി: ഷേർ-ഇ-പഞ്ചാബ് ട്വന്റി20 കപ്പിൽ ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന് ദയനീയ ബോളിങ് പ്രകടനം. ലുധിയാന ലയൺസ് നായകനായ അർഷ്ദീപ്, ഫസിൽക്ക ഫാൽക്കൺസിനെതിരായ മത്സരത്തിൽ വിക്കറ്റൊന്നും ലഭിക്കാതെ നാല് ഓവറിൽ 51 റൺസാണ് വഴങ്ങിയത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ശുഭ്മൻ ഗിൽ അണിനിരന്ന ഫാൽക്കൺസ് ഒരു റൺസിന് വിജയിക്കുകയും ചെയ്തു.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ലുധിയാനയ്ക്കായി കാർത്തിക് ചദ്ദ (4/9) മികച്ച ബോളിങ് പുറത്തെടുത്തതോടെ ഫാൽക്കൺസ് 170 റൺസിൽ ഒതുങ്ങുകയായിരുന്നു. 21 പന്തിൽ 40 റൺസെടുത്ത ടോപ്പ് സ്കോറർ ശുഭ്മൻ ഗില്ലിനെയും മധ്യനിരയെയും ചദ്ദ വീഴ്ത്തിയതോടെ ഫാൽക്കൺസ് 7ന് 112 എന്ന നിലയിലായി. എന്നാൽ അവസാന ഓവറുകളിൽ അർഷ്ദീപ് വൻതോതിൽ റൺസ് വിട്ടുകൊടുത്തതാണ് ഫാൽക്കൺസിനെ 170 റൺസിലെത്തിച്ചത്.
ലയൺസിനായി ബോളിങ് ഓപ്പൺ ചെയ്ത അർഷ്ദീപ് ആദ്യ ഓവറിൽ എട്ടു റൺസ് വഴങ്ങി. തുടർന്ന് മൂന്നാം ഓവറിൽ 16, പതിനേഴാം ഓവറിൽ 10, പത്തൊൻപതാം ഓവറിൽ 18 എന്നിങ്ങനെ റൺസ് വിട്ടുകൊടുത്തു. ആകെ 9 ഫോറും ഒരു സിക്സുമാണ് താരം വഴങ്ങിയത്. ടീമിൽ പന്തെറിഞ്ഞ ആറു ബോളർമാരിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയതും ഈ രാജ്യാന്തര താരമാണ്.
ഈ അധിക റൺസ് ലയൺസിന് തിരിച്ചടിയാവുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലുധിയാന 10 ഓവറിൽ 4ന് 77 എന്ന നിലയിൽ പതറി. ബോളിങ്ങിലെ നിരാശ മാറ്റാൻ എട്ടാം നമ്പറിലേക്ക് പ്രമോഷൻ നേടി ബാറ്റിങ്ങിനിറങ്ങിയ അർഷ്ദീപിന് 9 പന്തിൽ 8 റൺസ് മാത്രമാണ് നേടാനായത്.
പിന്നീട് മാധവ് സിങ് പഥാനിയയുടെ (37*) പോരാട്ടം പ്രതീക്ഷ നൽകി. അവസാന ഓവറിൽ ജയിക്കാൻ 19 റൺസ് വേണമെന്നിരിക്കെ, തുടർച്ചയായി ബൗണ്ടറികൾ നേടിയതോടെ ലക്ഷ്യം അവസാന പന്തിൽ ആറു റൺസായി മാറി. എന്നാൽ, അവസാന പന്തിൽ ഫോർ നേടാനേ സാധിച്ചുള്ളൂ. ഇതോടെ ഒരു റണ്ണിന് ലുധിയാന ലയൺസ് അവിശ്വസനീയമായി തോൽവി വഴങ്ങി.
അർഷ്ദീപിന്റെ മോശം പ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനവും പരിഹാസവുമാണ് ഉയരുന്നത്. മത്സരത്തിൽ 24 പന്തിൽനിന്ന് ‘അർധസെഞ്ചറി’ നേടിയ ഏകതാരം അർഷ്ദീപാനെന്നാണ് ഉയർന്ന പ്രധാന പരിഹാസം. 40 റൺസെടുത്ത ശുഭ്മൻ ഗില്ലായിരുന്നു മത്സരത്തിലെ ഉയർന്ന സ്കോറർ. ക്രിക്കറ്റ് കളിക്കുന്നത് ഒഴികെ ദിവസവും 10 റീൽ എടുക്കുകയും കാമുകിയായി ചുറ്റിക്കറങ്ങുകയും ചെയ്യുന്ന അർഷ്ദീപ്, നന്നായി ക്രിക്കറ്റ് കളിക്കുന്നത് ഒഴികെ ബാക്കിയെല്ലാം ചെയ്യുന്നുണ്ടെന്നും ചിലർ വിമർശിക്കുന്നു.




