അയൽപക്കത്തെ വിശേഷങ്ങളും ഗോസിപ്പുകളും പറഞ്ഞ് പണം സമ്പാദിക്കുന്ന ഒരു കൊളംബിയൻ മുത്തശ്ശിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊളംബിയയിലെ അർമേനിയ സ്വദേശിയായ 67-കാരി മിറിയം ആണ് അയൽവാസികളുടെ സ്വകാര്യ വിവരങ്ങൾ വിറ്റ് ബിസിനസ്സ് നടത്തുന്നത്. ആളുകൾ തമ്മിലുള്ള വഴക്കുകൾ, പ്രണയങ്ങൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിച്ച് ആവശ്യമുള്ളവർക്ക് വിൽക്കുകയാണ് ഇവരുടെ രീതി. “എനിക്ക് ഗോസിപ്പുകൾ പറയുന്നതും കേൾക്കുന്നതും വളരെ ഇഷ്ടമാണ്” എന്ന് ഇവർ തുറന്നുപറയുന്നു.
ഒരു പ്രൊഫഷണൽ ‘ചിസ്മോസ’ (ഗോസിപ്പുകൾ പറയുന്ന ആൾക്കുള്ള സ്പാനിഷ് വാക്ക്) എന്നാണ് മിറിയം സ്വയം വിശേഷിപ്പിക്കുന്നത്. വാർത്തകളുടെ സ്വഭാവമനുസരിച്ചാണ് ഇവർ പണം ഈടാക്കുന്നത്. സാധാരണ വിവരങ്ങൾക്ക് ചെറിയ തുകയും, രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾക്ക് വലിയ തുകയും വാങ്ങും. ഭർത്താവിന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയാതിരിക്കാൻ ഒരിക്കൽ ഒരാൾ തനിക്ക് 7,00,000 കൊളംബിയൻ പെസോ നൽകിയതായി ഇവർ ഓർക്കുന്നു.
വീടിന് പുറത്തിരുന്ന് ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇവർ വിവരങ്ങൾ ശേഖരിക്കുന്നത്. വിവരങ്ങൾ മറന്നുപോകാതിരിക്കാൻ ഒരു നോട്ട്ബുക്കിൽ കുറിച്ചുവെക്കാറുമുണ്ട്. വീട്ടിൽ അയൽവാസികളുടെ ചിത്രങ്ങളും കുറപ്പുകളും അടങ്ങിയ വലിയൊരു ബോർഡ് തന്നെ ഇവർ സൂക്ഷിക്കുന്നുണ്ട്. ഈ അപൂർവ്വ ബിസിനസ്സിലൂടെ താൻ രണ്ട് വീടുകൾ വാങ്ങിയിട്ടുണ്ടെന്നും ദിനംപ്രതിയുള്ള ആവശ്യങ്ങൾക്കുള്ള പണം ലഭിക്കുന്നുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.
തെളിവുകളില്ലാതെ താൻ ഒരു കാര്യവും പ്രചരിപ്പിക്കാറില്ലെന്ന് ഇവർ പറയുന്നുണ്ടെങ്കിലും, അയൽവാസികളിൽ പലരും ഇവരുടെ ഈ രീതിക്കെതിരെ രോഷാകുലരാണ്. എന്നാൽ ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്ന വിമർശനം നിലനിൽക്കുമ്പോഴും, തനിക്ക് വർഷങ്ങളുടെ പരിചയസമ്പത്തുള്ളതിനാൽ ഈ ബിസിനസ്സിൽ എന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് മിറിയം.




